കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 72ല്‍പ്പരം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരനും കൂട്ടാളിയും അറസ്റ്റില്‍. പാലക്കാട്, ചിറ്റൂര്‍, അയിരൂര്‍ കൊളക്കപ്പറമ്പില്‍ ജലീല്‍ എന്ന ഷട്ടര്‍ ജലീല്‍(36), കാസര്‍കോട്, ആലമ്പാടിയിലെ അബ്ദുല്‍ ലത്തീഫ്(46) എന്നിവരെയാണ് ബേക്കല്‍ ഡിവൈ എസ് പി എം പി ആസാദിന്റെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ അന്വേഷണത്തില്‍ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
ഫെബ്രുവരി 14ന് രാത്രി കുമ്പള, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളത്തൂര്‍, പഞ്ചിക്കല്ലിലെ യൂസഫിന്റെ വീട്ടില്‍ നിന്നു ഒന്‍പത് പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഇരുവരും പ്രതികളാണെന്നു പൊലീസ് പറഞ്ഞു.
ഫെബ്രുവരി 14ന് സന്ധ്യയ്ക്കും 15ന് രാവിലെ ഏഴുമണിക്കും ഇടയിലായിരുന്നു കവര്‍ച്ച. ഇരുനിലവീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. അലമാരകള്‍ തകര്‍ത്താണ് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്. ഈ സമയത്ത് യൂസഫിന്റെ ഭാര്യയും മക്കളും ബന്ധുവീടുകളിലായിരുന്നു.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ, നാലക്രയിലെ ഇ വി ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നു ആറേകാല്‍ പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും ഫെബ്രുവരി ഏഴിനാണ് കവര്‍ച്ച പോയത്. ഇവിടെയും വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. ഇരുവീടുകളിലെയും കവര്‍ച്ചകളിലെ സാദൃശ്യം അന്വേഷണ സംഘം ഗൗരവത്തോടെ വിലയിരുത്തിയിരുന്നു.
അടുത്തിടെ ബേക്കല്‍ ഡിവൈ എസ് പി യായി ചാര്‍ജ്ജെടുത്ത എം പി ആസാദിന്റെ നേതൃത്വത്തില്‍ ബേക്കല്‍ എസ് ഐ പി അഖില്‍, ടി അഖില്‍ സെബാസ്റ്റ്യന്‍, എ എസ് ഐ പ്രസാദ് പുല്ലൂര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു, ഹാരിസ് ആരിക്കാടി, സുനില്‍കുമാര്‍ എന്നിവരാണ് കവര്‍ച്ചക്കാരെ വലയിലാക്കിയത്.
കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തത് കാസര്‍കോട്ടെ താമസ സ്ഥലത്ത്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 72ല്‍പ്പരം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ജലീല്‍ കാസര്‍കോട്ടെ ഒരു വാടക കെട്ടിടത്തില്‍ താമസിച്ചാണ് കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തത്. കാസര്‍കോട്ട് താമസിച്ച് കര്‍ണ്ണാടകയിലെ കോഴിഫാമില്‍ പകല്‍ നേരങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് കവര്‍ച്ച നടത്തേണ്ട വീടുകള്‍ നോക്കിവച്ചതെന്നും പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഷട്ടര്‍ തുറന്നുള്ള കവര്‍ച്ചയില്‍ കുപ്രസിദ്ധനാണ് ജലീല്‍. അതിനിടയിലാണ് ‘ഷട്ടര്‍’ ജലീല്‍ എന്ന പേരുവീണത്. കവര്‍ച്ചാ വസ്തുക്കള്‍ വില്‍ക്കുന്നതിനു സഹായിച്ചതിനാണ് അബ്ദുല്‍ ലത്തീഫിനെ അറസ്റ്റു ചെയ്തത്. ജയിലില്‍ കഴിയുന്ന സമയത്ത് സഹതടവുകാരായ ആള്‍ക്കാരുമായി ചങ്ങാത്തം സ്ഥാപിച്ച് അവരുടെ നാടുകളില്‍ എത്തി കവര്‍ച്ച നടത്തുന്നതും ജലീലിന്റെ പ്രത്യേകതയാണെന്ന് പൊലീസ് പറഞ്ഞു.
അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ ഇരിയ, മുട്ടിച്ചരലിലെ ജയരാജിന്റെ വീട്ടില്‍ നിന്നു ലാപ്‌ടോപ്പ് കവര്‍ന്നതും ഷട്ടര്‍ ജലീല്‍ ആണെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.






