പൂച്ചകള്‍ക്ക് ഒരു തോഴന്‍; സര്‍വ്വീസില്‍ നിന്നു വിരമിച്ചിട്ടും പൂച്ചകളെ സംരക്ഷിക്കാന്‍ ഉപ്പളയില്‍ വീടു വാടകക്കെടുത്തു സമാധാന ജീവിതം

കാസര്‍കോട്: തിരക്കു പിടിച്ച ഔദ്യോഗിക ജോലിയില്‍ നിന്നു വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗസ്ഥന്‍ അന്നു തന്നെ ക്വാര്‍ട്ടേഴ്‌സ് വിട്ട് ഉപ്പളയില്‍ ഒരു വീടു വാടകക്കെടുത്തു. താനും ഭാര്യയും പിന്നെ 18 പേരും ആ വീട്ടില്‍ മനസ്സമാധാനത്തോടെ കഴിയുന്നു.
മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന ചന്ദ്രശേഖരന്‍ തമ്പി ഫെബ്രുവരി 28നാണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്. സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന അന്യനാട്ടുകാര്‍ കഴിയുന്നതും അന്നു തന്നെ നാട്ടിലേക്കു മടങ്ങാറാണ് സാധാരണ പതിവെങ്കിലും ഈ മനുഷ്യന്‍ അന്നു തന്നെ ക്വാര്‍ട്ടേഴ്‌സ് വിട്ടു മറ്റൊരു വീടു വാടകക്കെടുക്കുകയായിരുന്നു.
സാറിനെന്താ ഭ്രാന്താണോ എന്നൊക്കെ പലരുടെയും നാവിന്‍ തുമ്പത്ത് ചോദ്യമെത്തിയിരുന്നെന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ അനുസ്മരിച്ചു. കാസര്‍കോട് ജില്ലയില്‍ ഏഴു വര്‍ഷം മുമ്പാണ് അദ്ദേഹത്തെ സ്ഥലം മാറിയെത്തിയത്. പലയിടത്തും വര്‍ക്ക് ചെയ്തു. മൂന്നു വര്‍ഷം മുമ്പു മുതല്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയിലായിരുന്നു ജോലി. ഇവിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരിക്കെ രാവിലെ ആശുപത്രിയിലെത്തുന്നവര്‍ ബാഗുകളില്‍ പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുന്നതു കണ്ടിട്ടുണ്ട്. അവ മറ്റുള്ളവരുടെ തല്ലും തട്ടും കൊണ്ടു നിസ്സഹായരായി കരയുന്നതും ഭക്ഷണത്തിനു വേണ്ടി മുഖത്തേക്കു ദയനീയമായി നോക്കിയിരിക്കുന്നതും വിശപ്പു കൊണ്ടു നിലത്തു കിടന്നു ഉരുളുന്നതും അതിനിടയില്‍ എത്തുന്ന നായ്ക്കള്‍ അവയെ കടിച്ചു കൊല്ലുന്നതുമൊക്കെ കണ്ട് അവയോടു സഹാനുഭൂതി തോന്നിയ തമ്പി സാര്‍ അവയെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടു പോയി കുളിപ്പിച്ചു വൃത്തിയാക്കി മൂന്നു നേരവും ചിലപ്പോള്‍ അതില്‍ കൂടുതലും ഭക്ഷണം കൊടുത്തു. പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി. മംഗലാപുരത്തു കൊണ്ടു പോയി വന്ധ്യംകരിച്ചു. അനാഥരായിരുന്ന പൂച്ചകള്‍ക്കു നാഥനെ കിട്ടിയ ആശ്വാസമായി. ചന്ദ്രശേഖരന്‍ തമ്പിക്കും ഭാര്യക്കും വേണ്ടുവോളം മനസ്സമാധാനവുമായി. ഇപ്പോള്‍ 18 പൂച്ചകള്‍ ഊണും ഉറക്കവും എല്ലാം ഒപ്പം തന്നെ. ഇവയെ വിട്ട് ഒരു കളിക്ക് ചന്ദ്രശേഖരന്‍ തമ്പിയില്ല.
അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഇതിന് അദ്ദേഹത്തിനൊപ്പമുണ്ട്. ഏകമകനും ഒപ്പമുണ്ടായിരുന്നു. കുറച്ചു കാലം മുമ്പ് വിദേശത്ത് അയാള്‍ക്ക് ജോലിയായി. ഇപ്പോള്‍ അത്യാവശ്യങ്ങള്‍ക്കു തിരുവനന്തപുരത്തെ വീട്ടിലേക്ക് പോകേണ്ടി വരുമ്പോള്‍ പൂച്ചകളെ സംരക്ഷിക്കാന്‍ ഭാര്യയോ ഭര്‍ത്താവോ ഒരാള്‍ വീട്ടില്‍ തങ്ങുന്നു. രണ്ടുപേരും ഒന്നിച്ചു പോയാല്‍ അന്നു പൂച്ചകള്‍ എന്തു ചെയ്യും? ഈ വേവലാതി കൊണ്ടാണ് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞിട്ടും അവരിവിടെ തങ്ങുന്നത്.
പൂച്ചകളെയും നായ്ക്കളെയുമൊക്കെ സ്‌നേഹിച്ചാല്‍ അവ തിരിച്ചു നല്‍കുന്ന സ്‌നേഹം അനുഭവിച്ചാലേ മനസ്സിലാവു. അവയോടുള്ള സഹാനുഭൂതി ഇദ്ദേഹത്തെയും ഭാര്യയെയും അത്രക്കു സ്വാധീനിച്ചിരിക്കുന്നു. ഉപ്പളയോടുള്ള സ്‌നേഹവും അവിടെ ജോലി ചെയ്തതു വഴിയുണ്ടായ നാടിനോടുള്ള സ്‌നേഹവും പോലെ ജോലി സ്ഥലത്തു നിന്നു മരണാസന്ന നിലയില്‍ കിട്ടിയ പൂച്ചക്കുട്ടികളോടുള്ള സ്‌നേഹവും പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും സമാധാനവും ഇദ്ദേഹത്തിനു നല്‍കുന്നു. ഇവയെ പരിപാലിക്കാന്‍ സന്മനസ്സുള്ള സംഘടനകള്‍ മംഗലാപുരത്തും സൂരത്കല്ലിലുമൊക്കെയുണ്ടെന്ന് ആരോ പറഞ്ഞുകേട്ട് അതിനെക്കുറിച്ചന്വേഷിക്കുന്നു. അത്തരം സംഘടനകളുണ്ടെങ്കില്‍ കുറേ പൂച്ചകളെ അവരെ ഏല്‍പ്പിക്കണം. അതിനു ശേഷം മൂന്നോ നാലോ പൂച്ചകളുമായി തിരുവനന്തപുരം ശാസ്തമംഗലത്തെ സ്വന്തം വീട്ടിലേക്കു പോകണം-ചന്ദ്രശേഖരന്‍ തമ്പിയുടെ ആഗ്രഹമതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page