കാസർകോട് :കരിന്തളം പഞ്ചായത്ത് അടുത്ത സാമ്പത്തിക വർഷം കൃഷിക്കും ഉൽപാദന- സേവന മേഖലകൾക്കും മുൻഗണന നൽകും . കിനാനൂർ – കരിന്തളം പഞ്ചായത്ത് 41,98,92666/-( നാൽപത്തി ഒന്ന് കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അറുനൂറ്റി അറുപത്തിയാറ് രൂപ വരവും 38,13,06,034 (മുപ്പത്തി എട്ട് കോടി പതിമൂന്ന് ലക്ഷത്തി ആറായിരത്തി മുപ്പത്തിനാല് )രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അനിതയാണു ബജറ്റ് അവതരിപ്പിച്ചത്. ഉത്പാദനമേഖലയ്ക്ക് രണ്ടരക്കോടിയിലധികം രൂപയുടെ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തയിട്ടുണ്ട്. തെങ്ങ് കൃഷി, നെൽകൃഷി, പച്ചക്കറി കൃഷി, നേന്ത്രവാഴ കൃഷി എന്നീ മേഖലകളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തും. മൃഗസംരക്ഷണ – ക്ഷീര വികസന മേഖലയിലും യന്ത്രവത്കരണം, ക്ഷീര കർഷകർക്ക് ധനസഹായം എന്നിവ ഏറ്റെടുക്കും .തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് സംയുക്ത പദ്ധതി ഏറ്റെടുക്കും. പേവിഷബാധയ്ക്കെതിരായുള്ള വാക്സിനേഷൻ നടപ്പിലാക്കും. സ്വയം തൊഴിൽ സംരംഭ മേഖലയിൽ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തി സംരംഭങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കും. പഞ്ചായത്തിലെ ചാലുകളുടേയും തോടുകളുടേയും പാർശ്വഭിത്തി സംരക്ഷണം പദ്ധതിയുടെ ഭാഗമാക്കും.കാർഷിക മേഖലയുടെ സമഗ്ര പുരോഗതിയ്ക്ക് വിവിധ പാടശേഖര സമിതികളുടെ കെട്ടിടങ്ങൾ പുനരുദ്ധരിക്കും.വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് കൂട്ടുകൃഷി, തോട്ടം-കാർബൺ ന്യൂട്രൽ പദ്ധതി എന്നിവ നടപ്പാക്കും. സമഗ്ര വൈവിദ്ധ്യ മേഖലകളിൽ പഞ്ചായത്തിൻ്റെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്ന രീതിയിലുളള പഠനം നടത്തുകയും സമഗ്ര റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.ജൈവസേവന മേഖലയിൽ ഭവന നിർമ്മാണ പദ്ധതിയ്ക്ക് മുൻതൂക്കം നൽകി പദ്ധതികൾ നടപ്പിലാക്കും.ലൈഫ് ഭവന പദ്ധതിയിൽ പട്ടികയിലുളള മുഴുവൻ പേർക്കും ധനസഹായം ലഭ്യമാക്കും. പി എം എ വൈ ഭവന പദ്ധതിയിൽ എഗ്രിമെൻറ് വെച്ച 232 വീടുകളുടെയും പൂർത്തീകരണത്തിന് ആവശ്യമായ ഇടപെടൽ നടത്തും. മുഴുവൻ അംഗൻവാടികളുo പുനരുദ്ധരിക്കും. ഹരിത കർമ്മസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.പഞ്ചായത്തിലെ എല്ലാ ആശുപത്രികളും ഉന്നത നിലവാരത്തിലേക്ക് ഉയർത്തും.പാലിയേറ്റീവ് പ്രവർത്തനം ഗുണകരമായ മാറ്റങ്ങളോടെ നടപ്പിലാക്കും.ഡയാലിസിസ് രോഗികൾക്ക് കിറ്റ് ലഭ്യമാക്കും.ഭിന്നശേഷി മേഖലയിൽ കാര്യമായ ഇടപെടലുകൾ നടത്തും.സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കും.സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, സ്ട്രീറ്റ് ലെറ്റുകളുടെ റിപ്പയറിംഗ്, ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകളുടെ പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കും. 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പശ്ചാത്തല മേഖലയിൽ നടപ്പിലാക്കും.ടൂറിസം മേഖലയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതി പ്രവർത്തനങ്ങൾക്ക് നടത്തും. ടൂറിസം സർക്യൂട്ട് രൂപീകരിക്കും.പട്ടിക ജാതി – പട്ടിക വർഗ്ഗ മേഖലയിൽ സമഗ്ര പദ്ധതികൾ നടപ്പിലാക്കും. കമ്മ്യൂണിറ്റി ഹാളുകളുടെ പുനരുദ്ധാരണം, ലൈഫ് ഭവന ധനസഹായം, വീടുകളുടെ പുനരുദ്ധാരണം മെറിറ്റോറിയസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, പട്ടിക ജാതി / പട്ടിക വർഗ യുവജനങ്ങളുടെ സംഘങ്ങൾക്ക് വാദ്യോപകരണം എന്നിവ നടപ്പാക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 15 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. ജലാശയങ്ങളുടെ നവീകരണം, ഗ്രാമീണ റോഡുകളുടെ നിർമ്മാണം, ചെക്ക് ഡാമുകളുടെ നിർമ്മാണം, കയർ ഭൂവസ്ത്രം, 1000 സോക്‌പിറ്റ് നിർമ്മാണം,500 കിണർ റീചാർജ്ജ് എന്നീ പദ്ധതികളും നടപ്പാക്കുമെന്നു ബജറ്റ് വാദാനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ വി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.







