കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ ബസാറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീവെയ്പ് ആസൂത്രിതമെന്ന് പൊലീസ് വിലയിരുത്തല്‍. ലക്ഷ്യം തെറ്റിയതു കൊണ്ടു മാത്രമാണ് വന്‍ ദുരന്തമൊഴിവായതെന്നു പൊലീസ് വിലയിരുത്തുന്നു. സംഭവത്തില്‍ ബേക്കൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരിയ ബസാര്‍ പെട്രോള്‍ പമ്പിനു സമീപത്തെ മുഹമ്മദ് കുഞ്ഞി, നവോദയ സ്‌കൂളിനു മുന്നിലെ മുഹമ്മദ് കുഞ്ഞി, ദേശീയ പാതയുടെ മറുഭാഗത്ത് എമിന്‍ സ്‌കൂളിനു സമീപത്തെ ജബ്ബാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള തട്ടുകടകള്‍ക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് തീയിട്ടത്. മൂന്നു കടകളും വ്യത്യസ്ത സ്ഥലങ്ങളില്‍ ആയതിനാല്‍ അപകടമല്ല ആസൂത്രിതമായ തീവെയ്പാണെന്നാണ് പൊലീസ് തുടക്കത്തിലെ വിലയിരുത്തിയത്. സംഭവം ഗൗരവത്തിലെടുത്ത പൊലീസ് അധികൃതര്‍ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലത്ത് എത്തിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ബൈക്കില്‍ എത്തിയ രണ്ടു പേരാണ് തീവെയ്പ്പിനു പിന്നിലെന്നു സംശയിക്കുന്നു. കുപ്പികളില്‍ പെട്രോള്‍ വാങ്ങിയാണ് ഇവർ സ്ഥലം വിട്ടതെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.
പൊലീസും ഫയര്‍ഫോഴ്‌സും യഥാസമയത്തെത്തി തീ അണച്ചിരുന്നില്ലെങ്കില്‍ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് വിലയിരുത്തുന്നു. പെട്രോള്‍ പമ്പിനു സമീപത്തെ തട്ടുകടയില്‍ നിന്നു സമീപത്തെ ആക്രിക്കടയിലേക്കും അവിടെ നിന്നു സിഎന്‍ജി സ്റ്റേഷനിലേക്കും തീ പടര്‍ന്നിരുന്നുവെങ്കില്‍ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നുവെന്നും അന്വേഷണ സംഘം കരുതുന്നു.






