മുംബൈ: ആറ് വര്‍ഷം മുമ്പ് കാണാതായ നാലുവയസ്സുകാരന്‍ കൊല്ലപ്പെട്ടതായി പൊലീസിന്റെ സ്ഥിരീകരണം. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം എക്‌സ്പ്രസ് വേയില്‍ കുഴിച്ചിട്ട അമ്മാവനേയും അമ്മായിയേയും പൊലീസ് അറസ്റ്റുചെയ്തു. 2020 ല്‍ രാജസ്ഥാനിലെ ദൗസ ജില്ലയില്‍ നിന്ന് കാണാതായ നാല് വയസ്സുകാരനായ ടില്ലു എന്ന പ്രിന്‍സിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കുഴിച്ചിട്ടത്. കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍.
അതിനിടെയാണ് കുട്ടിയെ ബന്ധുക്കള്‍ കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. 2020 ഓഗസ്റ്റ് 16 നാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ടില്ലു അപ്രത്യക്ഷനാകുന്നത്. കുട്ടിയെ കണ്ടെത്താന്‍ വീട്ടുകാര്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് 2021 ല്‍, കുടുംബം ഹൈക്കോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. പിന്നാലെ കഴിഞ്ഞ ആറുവര്‍ഷമായി പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. അതിനിടെയാണ് ഇപ്പോള്‍ കൊലപ്പെടുത്തിയെന്ന കണ്ടെത്തല്‍.
കുട്ടിയുടെ മൃതദേഹം വീണ്ടെടുക്കാന്‍ പൊലീസ് നിലവില്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയ്ക്ക് സമീപം കുഴിയെടുക്കുകയാണ്. ഭൂമിക്കടിയില്‍ നിന്ന് സിഗ്‌നലുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ജെസിബി മെഷീനുകളുടെ സഹായത്തോടെ മൂന്ന് ദിവസമായി കുഴിയെടുക്കുകയാണ്. ഇതുവരെ 15 അടി താഴേക്ക് കുഴിച്ചിട്ടും, മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
അമ്മാവനായ അനിലും അമ്മായി കൃഷ്ണയും മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഹൈവേയ്ക്ക് സമീപം കുഴിച്ചിട്ടതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ഇവരെ മാര്‍ച്ച് ഒന്നുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.







