കാസര്‍കോട്: കുമ്പളയിലെ ഫാന്‍സി കടയിലെ സെയില്‍സ് ഗേളായ യുവതിയെ കാണാതായതായി പരാതി. കോയിപ്പാടി, രാജീവ് ഗാന്ധി കോളനിയിലെ നാരായണ മംഗലം ഹൗസിലെ ഹര്‍ഷിത എന്ന രേഖ ഡിസൂസ (23) യെ ആണ് കാണാതായത്. ഭര്‍ത്താവ് അക്ഷിത് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ പതിവു പോലെ കുമ്പളയിലെ കടയിലേയ്ക്ക് ജോലിക്കു പോയതായിരുന്നു. അതിനുശേഷം തിരിച്ചെത്തിയില്ലെന്നു അക്ഷിത് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഇതിനിടയില്‍ നീര്‍ച്ചാല്‍, മെനസ്സിനപ്പാറയില്‍ നിന്നു കാണാതായ പുഷ്പലതയുടെ മകളും സീതാംഗോളിയിലെ ഐ.ടി.ഐ വിദ്യാർത്ഥിനിയുമായ കെ .യജ്ഞശ്രീ(20)യും കാമുകന്‍ കാസര്‍കോട് നെല്ലിക്കുന്ന് ,ഓവര്‍ ബ്രിഡ്ജിനു സമീപത്തെ ഹിതേഷും തമ്മില്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വിവാഹിതരായ ശേഷം കുമ്പള പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മൊഴിയെടുത്ത ശേഷം യഞ്ജശ്രീയെ കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ യുവതി ഭര്‍ത്താവായ ഹിതേഷിനൊപ്പം പോയി.
വ്യാഴാഴ്ച രാവിലെ സീതാംഗോളിയിലുള്ള ഐ ടി ഐയിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ ഐ ടി ഐയിലേയ്ക്ക് പോകാതെ കുമ്പളയില്‍ എത്തിയ യജ്ഞശ്രീ ട്രെയിന്‍ കയറി കാഞ്ഞങ്ങാടു ഭാഗത്തേയ്ക്കു പോവുകയായിരുന്നു. ഈ വിവരമറിഞ്ഞ് മാതാവ് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്ന കാര്യം യജ്ഞശ്രീ പൊലീസിനെ അറിയിച്ചതെന്നു പറയുന്നു.







