മോഷണക്കുറ്റം ആരോപിച്ചതില്‍ മനം നൊന്ത് ജസീല ജീവനൊടുക്കിയ കേസ്; സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: അയല്‍വീട്ടില്‍ നിന്നു സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ മനം നൊന്ത് ആലംപാടി, നാല്‍ത്തടുക്കയിലെ ജസീല (24) ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. യോഗം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുനീര്‍ ഭാരതീയന്‍ ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ നീലകണ്ഠന്‍, ടി എം എ കരീം, അസീസ് കടപ്പുറം, മാഹിന്‍ കേളോട്ട്, ഖാദര്‍ പാലോത്ത്, നാസര്‍ ചെര്‍ക്കളം, ഖാദര്‍ കരിപ്പൊടി, അഷ്‌റഫ് നാല്‍ത്തടുക്ക, എന്‍ എ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫെബ്രുവരി 15ന് ആണ് ജസീല എലിവിഷം കഴിച്ചത്. ഗുരുതരനിലയില്‍ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ 20ന് മരണം സംഭവിച്ചു. വിഷം കഴിക്കുന്നതിനു മുമ്പ് ജസീല പുറത്തു വിട്ട വിഡിയോയില്‍ തന്നെ മോഷണക്കേസില്‍ പ്രതിയാക്കാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ചിരുന്നു. പൊവ്വലിലെ ഭര്‍തൃവീട്ടിനു സമീപത്തെ വീട്ടില്‍ നിന്നു ഒന്‍പതര പവന്‍ സ്വര്‍ണ്ണം മോഷണം പോയതായി പറയുന്നു. മോഷണത്തിനു പിന്നില്‍ ജസീലയാണെന്നു കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ജസീലയെ ആദൂര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. എന്നാല്‍ താനല്ല മോഷണം നടത്തിയതെന്നു ജസീല പൊലീസിനു മൊഴി നല്‍കി. ഇതിനു പിന്നാലെ പരാതി നല്‍കിയ ആളും ഭര്‍തൃവീട്ടുകാരും ജസീലയുടെ നാല്‍ത്തടുക്കയിലെ വീട്ടിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ മാനസികമായി തളര്‍ന്ന ജസീല വീഡിയോ പുറത്തു വിട്ട ശേഷം എലിവിഷം കഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ജസീലയില്‍ നിന്നു മജിസ്‌ട്രേറ്റ് മരണമൊഴി എടുത്തിരുന്നു. തന്നെ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിലെ മനോവിഷമം മരണമൊഴിയിലും ജസീല വ്യക്തമാക്കിയിരുന്നതായി പറയുന്നു.
ജസീലയുടെ മരണത്തില്‍ വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ജസീലയുടെ വീട്ടുകാരില്‍ നിന്നു പൊലിസ് മൊഴിയെടുത്തതല്ലാതെ മറ്റു കാര്യമായ പുരോഗതികളൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page