കാസര്‍കോട്: ജില്ലയിലെ റവന്യു വകുപ്പിലെ ചില ജീവനക്കാരെ പിരിച്ചുവിടല്‍ നടപടി കാത്തിരിക്കുന്നു. സര്‍വ്വീസിലിരുന്നു കൊണ്ടു സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കുകയും ഉയര്‍ന്ന തസ്തികകളിലെത്തി സര്‍ക്കാര്‍ ജോലിയില്‍ നിന്നു പിരിഞ്ഞവരും നടപടിക്കു വിധേയരാവാനുള്ള സാധ്യത തെളിയുന്നുണ്ട്.
പട്ടയങ്ങളുമായും സ്ഥലം ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും റവന്യു വകുപ്പിലെ ചില ജീവനക്കാരും അവരുടെ രക്ഷകരായ രാഷ്ട്രീയ പാര്‍ട്ടികളും ജില്ലയില്‍ തലമുറ തലമുറയായി പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റവന്യു വകുപ്പ് മേലധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 39 വര്‍ഷമായി കുടികിടപ്പു ഭൂമിയുടെ പട്ടയത്തിനു വേണ്ടി പോരാടുന്ന ഒരു നിര്‍ധന കുടുംബത്തിന്റെ ദയനീയ അനുഭവമാണ് ഇത്തരമൊരു നടപടിയിലേക്കു അധികൃതരെ നിര്‍ബന്ധിതരാക്കിയതെന്നറിയുന്നു.
ചെങ്കള കെകെ പുറത്തെ ഗോപിയുടെയും കുടുംബത്തിന്റെയും ദയനീയ കഥ സിപിഐ ഇടപെടലിലൂടെയാണ് നാടറിഞ്ഞത്. 39 വര്‍ഷക്കാലം പട്ടയത്തിനു വേണ്ടി വില്ലേജ്-താലൂക്ക്- കലക്ടറേറ്റ് ഓഫീസുകള്‍ കയറിയിറങ്ങി കിടപ്പാടവും നിത്യ ചെലവിനുള്ള മാര്‍ഗ്ഗവും നഷ്ടപ്പെട്ടു നിസ്സഹായനായ ചെര്‍ക്കള കെകെ പുറത്തെ ഗോപി ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനു ശേഷം ഭാര്യയും മകളും കിടപ്പാടമില്ലാത്ത ആരും കേരളത്തിലുണ്ടാവരുതെന്ന സര്‍ക്കാരിന്റെ വിളി കേട്ട് റവന്യു ഓഫീസുകളിലെ കയറിയിറക്കം തുടര്‍ന്നു.
ഒടുവില്‍ നിലവിലെ സര്‍ക്കാറിന്റെ കഴിഞ്ഞ ദിവസം നടന്ന അവസാന പട്ടയമേളയിലും പുതിയ ന്യായം കണ്ടു പിടിച്ച് പട്ടയം നല്‍കുന്നതില്‍ നിന്ന് ഈ കുടുംബത്തെ അവഗണിക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത ഗോപിയുടെ കുടുംബത്തിന് കൈവശ വസ്തുവിനു പട്ടയം നല്‍കാത്തതിന്റെ കാര്യം സിപിഐ അന്വേഷിച്ചതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരം അറിവായത്.
39 വര്‍ഷം മുമ്പ് ഇവര്‍ കൈവശം വച്ചു താമസിക്കുകയായിരുന്ന സ്ഥലം പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷനല്‍കിയതോടെയാണ് ഇവരുടെ കഷ്ടകാലമാരംഭിച്ചത്. അപേക്ഷ ലഭിച്ച വിവരമറിഞ്ഞ ഒരു റവന്യു ജീവനക്കാരന്‍ അതേ സ്ഥലം അയാളുടെ മാതാവിന്റെ പേരില്‍ പതിച്ചെടുത്തു. അതിനു ശേഷം ഗോപിയെ അറിയിക്കാതെ അതേ സ്ഥലം മറ്റൊരാള്‍ക്കു വിറ്റു. അയാള്‍ ഒരു മഴക്കാലത്തു വന്നു ഗോപി താമസിച്ചിരുന്ന ഷെഡ്ഡു പൊളിച്ചിട്ടു കുടുംബത്തെ ആ സ്ഥലത്ത് നിന്ന് ആട്ടിപ്പായിച്ചു. ഈ സംഭവം വലിയ വിവാദമായിരുന്നു. ഗോപിക്കും കുടുംബത്തിനും താമസിക്കാന്‍ അനുയോജ്യമായ സ്ഥലം കാണിച്ചു കൊടുക്കാന്‍ ജില്ലാ കളക്ടര്‍ അന്നത്തെ തഹസില്‍ദാറോടു നിര്‍ദ്ദേശിച്ചു. തഹസില്‍ദാര്‍ ആ അപേക്ഷ വില്ലേജ് ഓഫീസര്‍ക്കും ഫര്‍ക്കാ റവന്യു ജീവനക്കാര്‍ക്കും അയച്ചു. അവരെല്ലാവരും ചേര്‍ന്ന് സ്ഥലം പരിശോധിച്ചു.
ഇപ്പോള്‍ താമസിക്കുന്ന 26 സെന്റ് സ്ഥലം കാണിച്ചു കൊടുത്തു. ഗോപിയും കുടുംബവും അവിടെ കുടില്‍ വച്ചു താമസമാരംഭിച്ചു. അതിനു ശേഷം ആ സ്ഥലത്തിനു പട്ടയത്തിനപേക്ഷിച്ചതോടെയാണ് സംഭവത്തില്‍ രണ്ടാംഘട്ട രാഷ്ട്രീയക്കളി ആരംഭിച്ചതെന്നു പറയുന്നു.
ഗോപിക്കു പട്ടയം നല്‍കുന്നതിനെതിരെ രംഗത്തെത്തിയത് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെയായിരുന്നെന്നു പറയുന്നു. ഗോപിയുടെ വീടിനടുത്തു താമസിച്ചിരുന്ന കുടുംബവും അതേ പാര്‍ട്ടിക്കാരായിരുന്നുവെന്നും എന്നാല്‍ ആ വീട്ടില്‍ കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്നുവെന്നും പറയുന്നു. ആ വീട്ടുകാരുടെ വസ്തുവിന്റെ ആധാരത്തിലുള്ള സ്ഥലത്തില്‍ 10 സെന്റ്
കുറവുണ്ടെന്നും അതു ഗോപി താമസിക്കുന്ന സര്‍ക്കാര്‍ സ്ഥലത്തുണ്ടെന്നും താലൂക്ക് ലാന്റ് അസയ്ന്‍മെന്റ് കമ്മിറ്റിയില്‍ അവരുടെ വക്താവായി രംഗത്തെത്തിയ പാര്‍ട്ടി നേതാവ് വാദിച്ചു.
അതിന്റെ ഫലമായി കുറവുള്ള സ്ഥലം ഇവരുടെ കൈവശ വസ്തുവില്‍ നിന്ന് പരാതിക്കാര്‍ക്കു വിട്ടുകൊടുക്കാന്‍ പിന്നീടു റവന്യു അധികൃതര്‍ തീരുമാനിച്ചു. അതിനെതിരെ ഗോപിയുടെ വീട്ടുകാരും നിലയുറപ്പിച്ചു.
ഒടുവില്‍ 21.5 സെന്റ് ഗോപിയുടെ കുടുംബത്തിനു പതിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. പിന്നീടതു ഏട്ടേക്കാല്‍ സെന്റാക്കി. ഒടുവില്‍ സ്ഥലത്തിന്റെ പട്ടയം 16റേകാല്‍ സെന്റ് നല്‍കാനും നടപടിയെടുത്തു. അപ്പോഴാണ് പണ്ട് മൈസൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ സ്ഥലം അക്കാലത്ത് കരിങ്കല്ലു പൊട്ടിച്ചെടുത്ത സ്ഥലമാണെന്നും ഇപ്പോഴതു പതിച്ചു കൊടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം വേണമെന്നും ഊര്‍ജ്ജ്വസ്വലരായ സര്‍ക്കാര്‍ ജീവനക്കാര്‍ കണ്ടു പിടിച്ചത്.
കേരളത്തിന്റെ മറ്റെല്ലാ ജില്ലകളിലും കരിങ്കല്‍ പൊട്ടിച്ചെടുത്ത സ്ഥലങ്ങളില്‍ പലര്‍ക്കും പട്ടയം ചെയ്തു കൊടുത്തിട്ടുണ്ട്. മാത്രമല്ല, ഗോപിയുടെ കുടുംബം താമസിക്കുന്ന സ്ഥലം ഇത്തരത്തിലുള്ളതാണെങ്കില്‍ അതിനടുത്ത സ്ഥലവും കരിങ്കല്‍ കുഴിയായിരിക്കേണ്ടേ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഇത്തരം സ്ഥലം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ പതിച്ചു കൊടുക്കുമ്പോള്‍ ഈ നിയമം അവിടെ എന്തുകൊണ്ടു പരിഗണിക്കുന്നില്ലെന്ന സംശയവും ഉയരുന്നു.
മാത്രമല്ല, കാലഹരണപ്പെട്ട ഈ നിയമ വ്യവസ്ഥ ഇപ്പോള്‍ പൊടിതട്ടി പൊക്കിയെടുത്തു കൊണ്ടുവന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഊര്‍ജസ്വലതയും സംശയമുള്ളവാക്കിയിട്ടുണ്ട്. അയാള്‍ എവിടെ നിന്ന് ഈ നിയമ വ്യവസ്ഥ കണ്ടെടുത്തുവെന്നതും അയാള്‍ക്കിതു കൈമാറിയവര്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇതു വച്ചു കളിക്കുന്ന ജീവനക്കാരെക്കുറിച്ചും അന്വേഷണമുണ്ട്. 40 വര്‍ഷത്തിനിടയില്‍ കാസര്‍കോട് ജില്ലയിലെ ഭൂരിഭാഗം ഭൂമിയും ആള്‍മാറാട്ടം നടത്തി കൈക്കലാക്കിയവരെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാവുന്ന മുറക്ക് അച്ചടക്ക നടപടി കര്‍ശനമാക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നു അറിയുന്നു.






