കാസർകോട്:അനധികൃത വിൽപ്പനയ്ക്കായി മയക്കുമരുന്ന് കൈവശം വെച്ച കേസിൽ ഒന്നാം പ്രതിയെ അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി മൂന്ന് വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാഞ്ഞങ്ങാട്, കൊ ളവയലിലെ നിസാമുദീൻ പി.പി. (36) യെ ആണ് ശിക്ഷിച്ചത് . പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നു കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ അൽത്താഫ് സി.എച്ചിനെ കോടതി വെറുതെ വിട്ടു.2022 ഓഗസ്റ്റ് പുലർച്ചെ 1.30 മണിയോടെ, ഹോസ്ദുർഗ് താലൂക്കിലെ കീക്കാൻ വില്ലേജിൽ ചേറ്റുകുണ്ട് എന്ന സ്ഥലത്ത്, കെ.എസ്.ടി.പി റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബസ് വെയിറ്റിംഗ് ഷെഡിനടുത്തുള്ള പൊതുസ്ഥലത്തു വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ബേക്കൽ പൊലീസ് സ്റ്റേഷനിലെ എസ് ഐ ആയിരുന്ന എം. രജനീഷും സംഘവുമാണ് മയക്കുമരുന്ന് പിടികൂടിയത്. കേസിലെ ആദ്യ അന്വേഷണം ബേഡകം ഇൻസ്‌പെക്ടർ ടി. ദാമോദരൻആണ് നടത്തിയത്. പിന്നീട് ബേക്കൽ പൊലീസ് ഇൻസ്‌പെക്ടർ വിപിൻ യു.പി. അന്വേഷണം പൂർത്തീകരിച്ച് പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ സതീശൻ പി., അമ്പിളി എന്നിവർ ഹാജരായി.






