ബീജിംഗ്: തന്റെ സമ്പാദ്യം മുഴുവനും പിതാവ് മോഷ്ടിച്ചെന്ന 10 വയസ്സുകാരനായ മകന്റെ പരാതിയില്‍ പണവും പലിശയും തിരിച്ചുനല്‍കാന്‍ കോടതി വിധിച്ചു. വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ നിന്നുള്ള 10 വയസ്സുകാരന്‍ സിയാവോഹുയ് ആണ് പിതാവിനെതിരെ കോടതിയില്‍ പരാതി നല്‍കിയത്. പിതാവ് രണ്ടാം വിവാഹത്തിനായി തനിക്ക് ലഭിച്ച സമ്മാനത്തുക താനറിയാതെ മോഷ്ടിച്ചെന്നാണ് കുട്ടിയുടെ പരാതി. ബാങ്കിലുണ്ടായിരുന്ന തന്റെ 80,000 യുവാന്റെ (ഒമ്പതുലക്ഷത്തിന്റെ) നിക്ഷേപമാണ് അച്ഛന്‍ മോഷ്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. പുതുവത്സരത്തിന് തനിക്ക് ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും നല്‍കിയ സമ്മാനത്തുകയായിരുന്നു അതെന്നു കുട്ടി കോടതിയില്‍ പറഞ്ഞു.
അച്ഛന്‍ കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലാണ് തുക നിക്ഷേപിച്ചതെന്നും ആ പണം താനറിയാതെ അദ്ദേഹം കൈക്കലാക്കിയെന്നുമാണ് മകന്റെ പരാതി. കഴിഞ്ഞ രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍. അമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇതിനിടെയാണ് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചത്. അതിനാവശ്യമായ പണത്തിനായി കുട്ടി അറിയാതെ അവന്റെ നിക്ഷേപം മോഷ്ടിച്ചെന്നാണ് പരാതി.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അച്ഛനായിരുന്നു കുട്ടിയുടെ ബാങ്കിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. തന്റെ പണം എടുത്ത വിവരം അറിഞ്ഞ് അത് തിരിച്ചുതരാന്‍ അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും പ്രായപൂര്‍ത്തിയാകുമ്പോള്‍ തിരികെ നല്‍കാമെന്നായിരുന്നു പിതാവിന്റെ വാദം. തുടര്‍ന്നാണ് മകന്‍ കോടതിയെ സമീപിച്ചത്.
അച്ഛനാണെങ്കിലും മകന്റെ സമ്പാദ്യം അനുമതിയില്ലാതെ പിന്‍വലിക്കുകയും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തത് സ്വത്തവകാശ ലംഘനമാണെന്നു കോടതി ചൂണ്ടിക്കാട്ടി. മുതലും പലിശയും ഉള്‍പ്പെടെ 82,750 യുവാന്‍ മകന്‍ സുയാവോഹുയിയ്ക്ക് തിരികെ കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. ചൈനീസ് നിയമപ്രകാരം കുട്ടികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാന്‍ അച്ഛനമ്മമാര്‍ക്ക് അധികാരമുണ്ടെങ്കിലും അത് കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.







