ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടു. ഇതോടെ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി കേടുപാടുകള്‍ സംഭവിച്ചു. മാവേലിക്കര നടക്കാവില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം. ഡ്രൈവര്‍ പ്രദീപിനെ ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. യാത്രക്കിടെ ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.







