ഹൈദരാബാദ്: അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് പിന്നാലെ 21 കാരിയായ യൂട്യൂബര്‍ മരിച്ചനിലയില്‍. യൂട്യൂബര്‍ ബോണു കൊമാലിയെ ആണ് ഹൈദരാബാദിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ ബോണു കൊമാലി ഹൈദരാബാദിലെ സ്വകാര്യ കോളേജില്‍ ബി.എസ്സിക്ക് പഠിക്കുകയാണ്. യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ ജോലി ചെയ്യുന്ന അമ്മ ബി. സത്യ വരലക്ഷ്മിക്കാണ് കൊമാലി അവസാനമായി സന്ദേശമയച്ചത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്നും കൊമാലി അമ്മയോട് ആവശ്യപ്പെട്ടു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. തുടര്‍ച്ചയായി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് അമ്മ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു.
സുഹൃത്ത് വന്ന് വാതില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കൊമാലിയെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു ചെറിയ ഗോവണിയും സാരിയും കണ്ടെത്തി. പ്രണയബന്ധം തകര്‍ന്നതിലെ മനോവിഷമത്തിലാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
27 കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറും സഹ യൂട്യൂബറുമായ ഒരാളുമായി കൊമാലി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ആറ് മാസം മുമ്പും കൊമാലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 11 മാസമായി ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. കൊമാലിയുടെ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, സുഹൃത്തുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു.







