രാത്രിയില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര; ബുള്ളറ്റ് നിയന്ത്രണം വിട്ടുമറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

ഹസന്‍: രാത്രിയില്‍ ഹെല്‍മറ്റ് ഇല്ലാതെ ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ ഹമ്പില്‍ തട്ടി നിയന്ത്രണം വിട്ടുമറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. സത്യമംഗല ലേഔട്ട് സ്വദേശി പ്രിയ(23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്വാതിയെ (24) വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ ഇരുവര്‍ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

ഹസന്‍ നഗരത്തിന് പുറത്തുള്ള വ്യാവസായിക മേഖലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം.റോഡിലെ ഹമ്പ് ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവസാന വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനികളായിരുന്ന പ്രിയയും സ്വാതിയും സുഹൃത്തുക്കളെ കാണാന്‍ പോകുമ്പോഴാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. നഗരത്തിന് പുറത്തുള്ള ഈ റോഡിലെ ടാര്‍ ഇളകിപ്പോയിട്ടുണ്ട്. ഹമ്പിന് സമീപം കുഴികളുമുണ്ട്. ഇതുമൂലം ഈ റോഡില്‍ അപകടങ്ങള്‍ പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹസന്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹസനിലെ സത്യവംഗല എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന പ്രിയയുടെ പിതാവ് അതിര്‍ത്തി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനാണ്. അമ്മയും ഒരു സഹോദരനുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page