തിരു: മദ്യപാനികള്‍ക്ക് സംസ്ഥാനത്ത് ഇനി കൊയ്തുകാലം. രാവിലെ 10മണിക്കു കുടിക്കാന്‍ തുടങ്ങിയാല്‍ അര്‍ദ്ധരാത്രി കൃത്യം 12 മണിവരെ കുടിക്കാനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.
ജനങ്ങളോ, കുടിയന്മാരോ ആവശ്യപ്പെട്ടിട്ടല്ല ഈ തീരുമാനമെന്നു സര്‍ക്കാര്‍ പറഞ്ഞു. അല്ലെങ്കില്‍ത്തന്നെ അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ആര്‍ക്കുവേണം. പക്ഷേ, മദ്യഷാപ്പു നടത്തുന്നവര്‍ എത്രകാലമായി ഇങ്ങനെയൊരു ആവശ്യമുന്നയിക്കുന്നു എന്ന കാര്യം സര്‍ക്കാരിനെ അസ്വസ്ഥമാക്കിയതിനെ തുടര്‍ന്നാണ് കാലാവധി തീരാന്‍ പോവുന്ന സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നു പറയുന്നു. ഉത്തരവു പുറത്തിറങ്ങുമ്പോള്‍ത്തന്നെ പുതിയ ടൈംടേബിള്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെയാണ് ബാറുകളുടെ പ്രവര്‍ത്തനസമയം. ഇനിയിപ്പോള്‍ ബെഡ്‌കോഫി മുതല്‍ മദ്യമായിരിക്കണമെന്ന് ആശിക്കുന്നവര്‍ക്ക് അങ്ങനെതന്നെ സംഭവിക്കട്ടെ എന്ന വരപ്രസാദം കൈവന്നിരിക്കുന്നു. അതുപോലെ സാധാരണക്കാര്‍ നല്ല ഉറക്കത്തിലാവുന്ന 12 മണിക്കു ആളുകള്‍ക്കു കുടിച്ചു കൂത്താടി നടുറോഡില്‍കിടക്കാനും കഴിയും. ഇതില്‍പ്പരം ഇനി മറ്റെന്തുവേണം?







