കൊച്ചി: ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സി ബി സി. മിന്നല്‍ വേഗത്തിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീല്‍ ആണോയെന്നു സംശയിക്കുന്നതായി കെ സി ബി സിയുടെ മദ്യവിരുദ്ധ സമിതി ആരോപിച്ചു.
മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചത്. അബ്കാരി പ്രീണനനയം സ്വീകരിച്ചവര്‍, ‘ മദ്യം അത് പാമ്പിനെപോലെ കൊത്തുകയും, അണലിയെ പോലെ കടിക്കുകയും ചെയ്യു’മെന്ന ബൈബിള്‍ വാക്യം ഓര്‍മ്മയില്‍ വയ്ക്കുന്നത് ഉചിതമായിരിക്കുമെന്നും കെ സി ബി സി ഓര്‍മ്മപ്പെടുത്തി.
വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തുന്നത് നാട്ടിലെ ‘ചളുക്ക് ബ്രാണ്ടി’ കുടിക്കാനല്ല. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനാണ്. അതിനുള്ള സൗകര്യമാണ് ഉണ്ടാക്കിക്കൊടുക്കേണ്ടത്. മദ്യത്തിന്റെ ലഭ്യതക്കുറവു കൊണ്ടല്ല വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും മദ്യപാനികളുടെയും തെരുവു നായ്ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണ്- കെ സി ബി സി ചൂണ്ടിക്കാട്ടി.
പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതൊരു ഡീല്‍ ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ നിലപാടിനെതിരെ മാര്‍ച്ച് എട്ടിന് മദ്യ-ലഹരിവിരുദ്ധ ദിനമായി ആചരിക്കുമെന്നും കെ സി ബി സി കൂട്ടിച്ചേര്‍ത്തു.







