എഞ്ചിന്‍ തകരാര്‍; നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി പൊലീസും നാട്ടുകാരും

കാസര്‍കോട്: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ തോണിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കുമ്പള പൊലീസും നാട്ടുകാരും. തമിഴ്‌നാട് സ്വദേശി മൈക്കിള്‍(31), കര്‍ണ്ണാടക സ്വദേശി സതീഷ് (39) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മംഗ്‌ളൂരുവിലെ ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള തോണിയിലെ തൊഴിലാളികളാണ് ഇരുവരും.
മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ എഞ്ചിന്‍ തകരാറിലാവുകയായിരുന്നുവെന്നു പറയുന്നു. ഇതോടെ കാസര്‍കോട് ഭാഗത്തേക്ക് നീങ്ങി തുടങ്ങിയ തോണിയെ നിയന്ത്രിക്കാന്‍ തൊഴിലാളികള്‍ക്കു കഴിഞ്ഞില്ല. ചൊവ്വാഴ്ച സന്ധ്യക്ക് ഏഴുമണിയോടെ തോണി ഷിറിയ കടലില്‍ ഒഴുകി കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റു തോണികളിലെ മത്സ്യത്തൊഴിലാളികള്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ആര്‍പി അനൂപ്, സുരേന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീശ്, പ്രസൂണ്‍ എന്നിവര്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തോണിയിൽ കടലിലെത്തിയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. പിന്നീട് വണ്ടി കയറ്റി നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page