കാസര്‍കോട്: കാഞ്ഞങ്ങാട്- കാസര്‍കോട് കെ എസ് ടി പി റോഡിലെ അസഹനീയമായ പൊടി ശല്യത്തില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികളും ചെമ്മനാട് കൂട്ടായ്മയും ചേര്‍ന്നു ചെമ്മനാട് ജമാഅത്ത് സ്‌കൂളിനടുത്തു റോഡ് ഉപരോധിച്ചു.
ഉപരോധത്തെ തുടര്‍ന്നു കുറച്ചു സമയത്തേക്കു റോഡ് ഗതാഗതം നിലച്ചു. മേല്‍പ്പറമ്പ് പൊലീസ് എത്തി സമരക്കാരെ നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജമാഅത്ത് സെക്രട്ടറി സി എച്ച് ഷാജു, അബ്ദുല്‍ഖാദര്‍, ഷാജഹാന്‍, ഹഫീസ്, സഫ്രു, സലീം, അപ്രാന്‍ സമരത്തിനു നേതൃത്വം നല്‍കി.
വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടക്കുന്ന സ്റ്റേറ്റ് ഹൈവേ ടാറിംഗ് ഇളകി കുണ്ടുംകുഴിയുമായി തകര്‍ന്നു കിടക്കുകയാണ്. അവസാനം ടാര്‍ ചെയ്തത് ഊരാളുങ്കല്‍ സൊസൈറ്റിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ റോഡില്‍ വാഹനം പോകുമ്പോള്‍ പൊടിപടലം ഉയര്‍ന്നു വാഹനയാത്രക്കാര്‍ക്കും അതിലേറെ കാല്‍ നടയാത്രക്കാര്‍ക്കും അപകട ഭീഷണിയും പൊടി ശ്വസിക്കുന്നതു മൂലം മാരക ശ്വാസകോശ രോഗങ്ങളും ഉണ്ടാവുന്നുണ്ട്. റോഡു ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ കൂടുതല്‍ ശക്തിയോടെ സമരം തുടരുമെന്നു സമരക്കാര്‍ മുന്നറിയിച്ചു. ഇതേ പ്രശ്‌നത്തില്‍ അടുത്തിടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.







