ഇടുക്കി: റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി (27) ആണ് മരിച്ചത്. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് തിങ്കളാഴ്ച രാത്രിയാണ് അപകടം. കലുങ്ക് നിര്‍മ്മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണാണ് അപകടം.
ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിലായിരുന്നുവെന്നു നാട്ടുകാര്‍ ആരോപിച്ചു. പ്രതി ദിനം പതിനായിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് കുഴി അപകട ഭീഷണി ഉയർത്തിയിരുന്നത്. കുഴി മൂടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് അടക്കം രേഖാമൂലം പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ല. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വിദേശത്ത് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജെയ്‌സ്. അതിനിടെയാണ് അപകടത്തില്‍ മരിച്ചത്.







