നാട് കാത്തതിന് കൂലി!

നാരായണന്‍ പേരിയ

‘ഒരു കിലോഗ്രാം തുവരപ്പരിപ്പിന് വില എണ്‍പത് (80)രൂപ. ജോലിയിലെ സമ്മര്‍ദ്ദം കാരണം ഹൃദയസ്തംഭനം മൂലം ആ കാലത്ത് ജീവഹാനി സംഭവിച്ച സൈനികന്റെ ജീവിത പങ്കാളിക്ക് കുടുംബപെന്‍ഷനായി സര്‍ക്കാര്‍ അനുവദിച്ചത് എഴുപത് രൂപ. ഒരു കിലോ പരിപ്പ് വാങ്ങാന്‍ പോലും തികയാത്ത തുക! ഇത് എന്തൊരു അന്യായം!’
സുപ്രീംകോടതി ജഡ്ജിമാരായ മാര്‍ക്കണ്ഡേയ കാട് ജു, ടി എസ് ഠാക്കൂര്‍ എന്നിവര്‍ രോഷാകുലരായി ചോദിച്ചു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത കേസിന്റെ വിവരം ഇങ്ങനെ: (18-9-2010) മേജര്‍ ജനറല്‍ ധരംചന്ദ് എല്ലാ അര്‍ത്ഥത്തിലും ധീരജവാന്‍. രണ്ടു പതിറ്റാണ്ടുകാലത്തെ സൈനിക സേവനം. നമ്മുടെ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറും വടക്ക് കിഴക്കും ഭാഗത്തെ അതിര്‍ത്തികള്‍ക്കപ്പുറം, പാക്കിസ്താനും ചൈനയും. രണ്ടും നമ്മുടെ ശത്രുരാജ്യങ്ങള്‍. അതിര്‍ത്തികാക്കാന്‍ നിയോഗിക്കപ്പെട്ട സൈനികര്‍ക്ക് നിതാന്ത ജാഗ്രത വേണം. 1962-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ തുറന്ന യുദ്ധം. 1965-ല്‍ ഇന്‍ഡോ- പാക്ക് യുദ്ധം. രണ്ട് യുദ്ധത്തിലും മുന്‍നിരയില്‍ നിന്ന സൈനികരില്‍ ഒരാള്‍ മേജര്‍ ധരംചന്ദ്. സര്‍വ്വീസിലിരിക്കെ അദ്ദേഹം 1967ല്‍ മരണപ്പെട്ടു. സൈഡ് ഇന്‍ ഹാര്‍നസ് (ഹൃദയാഘാതം മൂലം മരണം എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്) അപ്പോഴേയ്ക്കും രണ്ടു പതിറ്റാണ്ടുകാലത്തെ പ്രശസ്തമായ സൈനിക സേവനത്തിന്റെ പേരില്‍ പതിനാല് സൈനിക മെഡലുകള്‍ അദ്ദേഹത്തിന്റെ മാറിടം അലങ്കരിക്കുന്നുണ്ടായിരുന്നു.
ഭര്‍ത്താവിന്റെ മരണാനന്തരം വിധവ പുഷ്പാവതിക്ക് കുടുംബപെന്‍ഷന്‍ അനുവദിച്ചുകിട്ടി. പ്രതിമാസം എഴുപത് രൂപ. കാലം മാറി. നിത്യോപയോഗസാധനങ്ങളുടെ വില അനുദിനം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു- ഉപഭോക്തൃ സാധനങ്ങളുടെ വിയക്കയറ്റത്തിനനുസരിച്ച് പെന്‍ഷന്‍ കൂട്ടിത്തരണം എന്ന് പുഷ്പാവതി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അധികൃതര്‍ കേള്‍ക്കാതിരുന്നപ്പോള്‍, പുഷ്പാവതി കോടതിയെ സമീപിച്ചു. കേസ് നീണ്ടുനീണ്ടുപോയി. നാട്ടുനടപ്പ് അങ്ങനെയാണല്ലോ, കൂര്‍മ്മ ഗതി. ആമ പോലും തോറ്റുപോകും കോടതികളില്‍ കേസ് തീര്‍പ്പാക്കുന്ന നടപടികളുടെ മുമ്പില്‍.
കീഴ്ക്കോടതി, ഹൈക്കോടതി- അങ്ങനെ പടവുകള്‍ കയറിക്കയറി അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയിലെത്തി. അഡ്വക്കറ്റ് ബി ബി ത്രിഖ പുഷ്പാവതിക്കുവേണ്ടി കേസ് വാദിച്ചു. കേസ് പരിഗണനയ്ക്കെടുത്തപ്പോഴേയ്ക്കും ആ സാധു വിധവയ്ക്ക് പ്രായം തൊണ്ണൂറ് വയസ്സ്. 1967-ല്‍ ആണ് അവരുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ആദ്യം ലഭിച്ച പെന്‍ഷന്‍ എത്രരൂപ എന്നറിയില്ല; പത്ര റിപ്പോര്‍ട്ടില്‍ കണ്ടില്ല. 2010ല്‍ -കേസ് സുപ്രീംകോടതിയിലെത്തിയ കാലത്ത് എഴുപത് രൂപ ആയിരുന്നു. ഒരു കിലോ അര്‍ഹര്‍ദാള്‍ (തുവരപ്പരിപ്പ്) വാങ്ങാന്‍ പോലും തികയാത്ത തുക.
സേവനകാലത്ത് ശമ്പളം; പിരിഞ്ഞ ശേഷം സര്‍വ്വീസ് പെന്‍ഷന്‍, പങ്കാളിക്ക്, പെന്‍ഷണറുടെ മരണ ശേഷം ആശ്രിത പെന്‍ഷന്‍ എന്ത് ഉദ്ദേശ്യത്തോടെയാണ് ജോലിയിലിരിക്കെ ശമ്പളവും പിരിഞ്ഞ ശേഷം പെന്‍ഷനും അനുവദിച്ച് നല്‍കുന്നത്? ഭരണഘടനയിലെ മൗലികാവകാശം അനുച്ഛേദം-20. റൈറ്റ് ടു ലിവ്. ജീവിക്കാനുള്ള അവകാശമുണ്ട് പൗരന്. ഇന്ത്യന്‍ പൗരന് ഭരണഘടന ഇതുറപ്പാക്കുന്നു. ജീവിക്കാനുള്ള അവകാശം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്വസിച്ച് ജീവിക്കുക എന്നാണോ മനസ്സിലാക്കേണ്ടത്? അല്ല, സന്തോഷത്തോടെ, ആത്മാഭിമാനത്തോടെ, പൂര്‍ണ്ണ ആരോഗ്യത്തോടെ- (വിത്ത് പ്ലെഷര്‍, വിത്ത് പ്രൗഡ്, വിത്ത് കംപ്ലീറ്റ് ഹെല്‍ത്ത്) ജീവിക്കാനാവശ്യമായ പണം സര്‍ക്കാര്‍ ലഭ്യമാക്കണം. വിലക്കയറ്റത്തിന്റെ തോതനുസരിച്ച് അതും കൂട്ടിക്കൊണ്ടിരിക്കണം- ജീവനക്കാരുടെ ശമ്പളവും പിരിഞ്ഞ ശേഷം ലഭിക്കുന്ന പെന്‍ഷനും അത് സര്‍ക്കാരിന്റെ ന്യായവും നിര്‍ബന്ധിതവുമായ കടമയാകുന്നു. ഭരണഘടന അനുശാസിക്കുന്നു. സംതൃപ്തിയോടെ ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാര്‍.
1972ല്‍ ബീഹാര്‍ സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ച ഡി എസ് നകാരയും കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയും ചേര്‍ന്ന് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ചെയ്തു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന വ്യക്തിക്കുള്ള ആശ്വാസം സംബന്ധിച്ചായിരുന്നു ഹര്‍ജി. അന്നത്തെ ചീഫ് ജസ്റ്റീസ് വൈ. ബി ചന്ദ്രചൂഡ്, ജഡ്ജിമാരായ തുല്‍സാപുക്കര്‍, ഡി എ ദേശായി, ഒ ചിന്നപ്പ റെഡ്ഡി, ബഹാറുള്‍ ഇസ്ലാം എന്നിവരടങ്ങിയ ഫുള്‍ബെഞ്ച് കേസ് പരിഗണിച്ചശേഷം വിധി പറഞ്ഞു. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.
അതോടെ, മൗലികാവകാശത്തിലെ 20-ാം അനുച്ഛേദം കൂടുതല്‍ വ്യക്തതയോടെ ഊന്നിപ്പറഞ്ഞു. മനോബലവും ശാരീരിക ശേഷിയും ഉള്ളപ്പോള്‍, രാജ്യത്തിനു വേണ്ടി, സമൂഹത്തിനുവേണ്ടി പണി ചെയ്തവര്‍ക്ക് അനന്തരകാലത്തും സംതൃപ്തിയോടെയുള്ള ജീവിതവും, സുരക്ഷിതത്വവും ഉറപ്പാക്കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്. അവരുടെ ആശ്രിതര്‍ക്കും ഇതെല്ലാം ലഭ്യമാക്കണം. രാഷ്ട്രത്തിന്റെ കടമയാണത്.
ഈ തത്വപ്രകാരം, പുഷ്പാവതി എന്ന സൈനിക വിധവയ്ക്ക് അവശതയോ അവഗണനയോ ഉണ്ടാകാന്‍ പാടില്ല. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം കാക്കാനായി ത്യാഗ നിര്‍ഭരമായ സൈനിക സേവനം അനുഷ്ഠിച്ച മേജര്‍ ധരംചന്ദിന്റെ വിധവയാണ് പുഷ്പാവതി. അവരെ കോടതി വരാന്ത നിരങ്ങാന്‍ ഇടയാക്കിയത് അക്ഷന്തവ്യമായ അപരാധമാണ്. കോടതിയെ സമീപിക്കാന്‍ അവരെ നിര്‍ബന്ധിതയാക്കിയത് തന്നെ സര്‍ക്കാരിന്റെ തെറ്റ്. ധരംചന്ദ് ജീവിതം വെടിഞ്ഞതിന്റെ അടുത്തമാസം തന്നെ പുഷ്പാവതിക്ക് താങ്ങാകേണ്ടിയിരുന്ന സര്‍ക്കാരിന്റെ ഈ നടപടി ശിക്ഷാര്‍ഹമാണ്.
രാജ്യത്തിന്റെ അതിര്‍ത്തികാക്കാന്‍, നമുക്ക് സൈ്വര്യജീവിതം ഒരുക്കാന്‍, രാപകല്‍ കാവല്‍ നിന്നു. മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ ഹൃദയം പൊട്ടി മരണം. എന്നിട്ട് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായിരുന്ന സാധു സ്ത്രീക്ക് ന്യായമായ അവകാശം നേടിയെടുക്കാന്‍ നാല് പതിറ്റാണ്ടോളം കോടതികളിലൂടെ പോരാടേണ്ടിവന്നു. തക്കസമയത്ത് നിയമവും നീതിയും ഉറപ്പാക്കേണ്ട സംവിധാനത്തിന് എന്തോ തകരാറുപറ്റിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page