കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളത്തൂര്‍, പഞ്ചിക്കല്ലിലെ ബിസിനസുകാരന്റെ വീട്ടില്‍ നിന്നു ഒന്‍പതു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംഗ്‌ളൂരുവില്‍ ബിസിനസ് നടത്തുന്ന യു കെ യൂസഫിന്റെ വീട്ടില്‍ ശനിയാഴ്ച സന്ധ്യയ്ക്കും ഞായറാഴ്ച രാവിലേയ്ക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. യൂസഫിന്റെ ഭാര്യയും മക്കളും വീടു പൂട്ടി ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച.

വിരലടയാള വിദഗ്ദ്ധര്‍, വീട്ടിലും കുത്തി തുറന്ന നിലയില്‍ കാണപ്പെട്ട അലമാരകളിലും നടത്തിയ പരിശോധനയില്‍ ഏഴു വിരലടയാളങ്ങള്‍ കണ്ടെടുത്തു. ഇവ പരിശോധിച്ചു വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഡോഗും സ്ഥലത്ത് എത്തിയിരുന്നു. വീട്ടിനകത്തും മറ്റും മണം പിടിച്ച ഡോഗ് വീട്ടിനു പുറത്തേയ്ക്ക് ഓടി ഗേറ്റ് വഴി മുന്നോട്ട് നീങ്ങി. പിന്നീട് സ്ഥലത്തുള്ള ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ ഓഫീസിനു സമീപത്തു നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നു കൊള്ളക്കാര്‍ ഏതെങ്കിലും വാഹനത്തില്‍ കയറിപ്പോയതായി സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലുള്ള സി സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.






