കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രേഷ്മ എന്ന ചിന്നുപാപ്പു (24)വിന്റെ ആണ്‍ സുഹൃത്ത് സന്ദേശി(28)ന്റേത് തൂങ്ങി മരണമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചയ്ക്കാണ് സന്ദേശിനെ കൂഡ്‌ലു, മന്നിപ്പാടിയിലുളള വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തൂങ്ങി മരണമാണെന്നു വ്യക്തമായത്.
സന്ദേശിന്റെ സുഹൃത്ത് ആദൂര്‍, ആലന്തടുക്കയിലെ രേഷ്മ എന്ന ചിന്നു പാപ്പു (24)വിനെ ഫെബ്രുവരി ഒന്‍പതിനു ഉച്ചക്കാണ് കൂഡ്‌ലു, ആസാദ്‌നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആണ്‍ സുഹൃത്തായ സന്ദേശിനെ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സന്ദേശിനു നേരെ വന്‍തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നതായി പറയുന്നു. ഇതിലുള്ള മാനസിക വിഷമമായിരിക്കാം ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നു സംശയിക്കുന്നു.






