കാവല്‍ നിന്ന പൊലീസിനെ കബളിപ്പിച്ച് വിഴുങ്ങിയ സ്വര്‍ണമാല യുവതി ശുചിമുറിയില്‍ ഒഴുക്കി; തെളിവ് നശിപ്പിച്ചതിന് കൂടി കേസെടുത്തു

കോഴിക്കോട്: ചേവായൂരില്‍ പ്രതി വിഴുങ്ങിയ തൊണ്ടി മുതല്‍ കണ്ടെടുക്കുന്നതിനായി ദിവസങ്ങളോളം ആശുപത്രിയില്‍ കാവല്‍ നിന്ന പൊലീസുകാരെ കബളിപ്പിച്ച് സ്വര്‍ണമാലയും കമ്മലുമടക്കം ശുചിമുറിയില്‍ ഫ്‌ളഷ് ചെയ്ത് യുവതി. പാലേമാട് കല്ലന്‍കുന്നന്‍ സമീന (35)യാണ് പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതല്‍ ശുചിമുറിയില്‍ ഒഴുക്കിയത്. തൊണ്ടിമുതല്‍ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തി യുവതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് 3.5 ഗ്രാം സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ കേസിലെ പ്രതിയെ മാല തിരിച്ചെടുക്കാനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു യുവതി. വയറിളക്കി മാല വീണ്ടെടുക്കാന്‍ എനിമ നല്‍കിയെങ്കിലും ആഭരണം പുറത്തുവന്നില്ല.

വെള്ളിയാഴ്ച നടത്തിയ എക്സ്‌റേയില്‍ യുവതിയുടെ വയറ്റില്‍ സ്വര്‍ണമാലയ്ക്കു പുറമേ ഒരു കമ്മല്‍ കൂടിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കമ്മല്‍ ആരുടേതാണെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നില്ല. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം ചികിത്സ തേടിയെത്തിയ കുട്ടിയുടെ മാലയാണ് യുവതി മോഷ്ടിച്ചത്. ജില്ലാ ആശുപത്രിയില്‍ നടത്തിയ എക്സ്‌റേ പരിശോധനയില്‍ ആഭരണം കണ്ടെത്തിയിരുന്നു.

നിലമ്പൂര്‍ പൊലീസ് കേസെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു പ്രത്യേക മുറിയിലാക്കി ആഭരണം പുറത്തുവരുന്നതും കാത്തു കാവല്‍നിന്നെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നു കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വീണ്ടും എനിമ നല്‍കിയിട്ടും തൊണ്ടിമുതല്‍ പുറത്തുവന്നില്ല. തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡിലേക്കു മാറ്റി. രണ്ടു വനിതാ സിപിഒമാരുടെ കാവലിലാണു പ്രതി വാര്‍ഡില്‍ കഴിഞ്ഞത്.

ഇതിനിടെ ശനിയാഴ്ച അര്‍ധരാത്രിയോടെ ആശുപത്രിയിലെ ശുചിമുറിയില്‍ വിസര്‍ജ്യത്തിലൂടെ മാല പുറത്തുവന്നു. കാവല്‍ നിന്ന രണ്ട് വനിതാ സിപിഒമാര്‍ക്കു നേരെ വിസര്‍ജ്യമെറിയുമെന്നു ഭീഷണിപ്പെടുത്തി ഇവരെ സ്ഥലത്തുനിന്ന് അകറ്റിയ ശേഷം സ്വര്‍ണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തുകളയുകയായിരുന്നു.

മാല വിസര്‍ജ്യത്തിലുണ്ടെന്നു മനസ്സിലാക്കിയാണു തെളിവു നശിപ്പിക്കാനായി പ്രതി അവ ഫ് ളഷ് ചെയ്തത്. പിന്നാലെ സമീനയുടെ എക്‌സ്‌റേ എടുത്തപ്പോള്‍, വയറിനകത്തു ലോഹസാധനങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊണ്ടിമുതല്‍ കിട്ടാനുള്ള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടതോടെ തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകൂടി ചേര്‍ത്ത് പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്തു മഞ്ചേരി ജയിലിലേക്ക് അയയ്ക്കുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page