ന്യൂഡല്‍ഹി: ട്രെയിനുകളിലെ ശുചിത്വ മില്ലായ്മയെ കുറിച്ച് യാത്രക്കാര്‍ നിരന്തരം പരാതിപ്പെടാറുണ്ട്. അതിന് പരിഹാരമെന്നോണം റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് റെയില്‍വെ. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായി 80 ട്രെയിനുകളില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ സമഗ്രമായ ശുചിത്വ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ട്രെയിനുകളിലും സംവിധാനം നിലവില്‍ വരും. യാത്രക്കാര്‍ ഇതിനായി അധിക തുക നല്‍കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കംപാര്‍ട്ടുമെന്റുകളിലും ശുചിമുറികളിലും ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് ശുചീകരണം ഉറപ്പാക്കുന്ന പരിഷ്‌ക്കരണമാണ് നടപ്പാക്കുന്നത്. പ്രൊഫഷണല്‍ കമ്പനികളെയാണ് ചുമതലപ്പെടുത്തുന്നത്. ഐടിഐ പാസായ സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തത്സമയം ശുചിത്വം നിരീക്ഷിക്കും. ശുചീകരണത്തിന്റെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സഹായത്തോടെ റെയില്‍വേ ബോര്‍ഡ് കണ്‍ട്രോള്‍ റൂമില്‍ വിശകലനം ചെയ്യും. ഇത് സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും.
രാജ്യത്തെ ചരക്ക് നീക്കം ശക്തിപ്പെടുത്തുന്നതിനായി ‘ഗതി ശക്തി കാര്‍ഗോ ടെര്‍മിനല്‍’ നയത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 പുതിയ ടെര്‍മിനലുകള്‍ സ്ഥാപിക്കാനാണ് റെയില്‍വേയുടെ നീക്കം. ചരക്കുകള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും പുറമെ, ഭക്ഷ്യധാന്യങ്ങളും സിമന്റ് ക്ലിങ്കറുകളും സംസ്‌കരിക്കാനുള്ള സൗകര്യവും ഉണ്ടാകും.
പുതിയ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ റെയില്‍വേയുടെ ചരക്ക് നീക്കം മൂന്ന് വര്‍ഷത്തിനുള്ളില്‍ 300 മില്യണ്‍ ടണ്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് റെയില്‍വേയുടെ കണക്ക് കൂട്ടല്‍. 50 വര്‍ഷം വരെ നീളുന്ന ദീര്‍ഘകാല കരാറുകള്‍ നല്‍കുന്നതിലൂടെ ഈ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു.







