വിവാഹ ചടങ്ങുകള്‍ക്കിടെ അതിഥിയായെത്തി വധുവിന്റെ ലക്ഷണക്കിന് വില വരുന്ന സ്വര്‍ണവും പണവും അടങ്ങുന്ന ബാഗ് മോഷ്ടാവ് അടിച്ചുമാറ്റി

ജയ്പൂര്‍: വിവാഹ ചടങ്ങുകള്‍ക്കിടെ അതിഥിയായെത്തി വധുവിന്റെ ലക്ഷണക്കിന് വില വരുന്ന സ്വര്‍ണവും പണവും അടങ്ങുന്ന ബാഗ് മോഷ്ടാവ് അടിച്ചുമാറ്റിയതായി പരാതി. രാജസ്ഥാനിലെ ജയ്പൂരിലാണ് ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായത്. സ്റ്റേജില്‍ വരനും വധുവും അതിഥികള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് ഒരാള്‍ അവിടെ എത്തി അതിവിദഗ്ധമായി വധുവിന്റെ ബാഗ് എടുത്ത് സ്ഥലം വിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ വിവാഹ വീഡിയോയില്‍ പതിഞ്ഞു.

ദൃശ്യങ്ങളില്‍ കാണുന്ന യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് ബാഗിലുണ്ടായിരുന്നതെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു. ഫെബ്രുവരി ഏഴിന് ജഗത്പുരയിലെ ‘ചന്ദന്‍ വണ്‍ മാരേജ് ഗാര്‍ഡനില്‍’ നവീന്‍ കരോളിന്റെ വിവാഹ വിരുന്നിനിടെയായിരുന്നു സംഭവം. രാത്രി 10:15 ഓടെ വധുവും വരനും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്താണ് മോഷ്ടാവ് സ്റ്റേജിനടുത്തേക്ക് വന്നത്. സ്‌റ്റേജിലുണ്ടായിരുന്നവരോടെല്ലാം നന്നായി സംസാരിച്ചുകൊണ്ടാണ് കള്ളന്റെ കടന്നുവരവ്.

നല്ല രീതിയില്‍ വസ്ത്രം ധരിച്ച്, കയ്യില്‍ ഒരു ബ്ലേസറും പിടിച്ചാണ് ഇയാള്‍ സ്റ്റേജിലെത്തിയത്. ആര്‍ക്കും സംശയം തോന്നാത്തവിധത്തിലുള്ള വസ്ത്രധാരണമായിരുന്നു. സ്റ്റേജില്‍ വധൂവരന്മാര്‍ ഫോട്ടോയെടുക്കുന്ന തിരക്കിലായപ്പോള്‍, കള്ളന്‍ വളരെ സാവധാനം സ്റ്റേജില്‍ കയറി വധുവിന്റെ ബാഗ് കൈക്കലാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ ബാഗ് തന്റെ ബ്ലേസറിനുള്ളില്‍ ഒളിപ്പിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു. വധൂവരന്മാരുടെ ഫോട്ടോഗ്രാഫര്‍ എടുത്ത വീഡിയോയിലാണ് മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞത്. ചടങ്ങ് കഴിഞ്ഞ് ബാഗ് കാണാതായതോടെയാണ് വീഡിയോ റെക്കോര്‍ഡിംഗുകള്‍ പരിശോധിച്ചത്. അപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്.

തുടര്‍ന്ന് വരന്റെ സഹോദരന്‍ നിതിന്‍ കരോള്‍ പൊലീസില്‍ പരാതി നല്‍കി. വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നും ജയ്പൂര്‍ പൊലീസ് അറിയിച്ചു. വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഇത്തരത്തില്‍ അശ്രദ്ധമായി വയ്ക്കരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിവാഹ തിരക്കിനിടെ വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗ് മാറ്റി വയ്ക്കുന്നതിലുള്ള ഭയം കൊണ്ടാണ് ബന്ധുക്കള്‍ ബാഗ് സ്‌റ്റേജില്‍ വച്ചത്. അവിടെ നിന്നാണ് വിദഗ്ധമായി മോഷ്ടാവ് അത് അടിച്ചു മാറ്റിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page