തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിങ് മാളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദിച്ച പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരായ കേസ് ഒഴിവാക്കിയേക്കും. പൊലീസുകാരനെതിരെ കേസെടുത്ത നടപടിയില്‍ സേനയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് കേസ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. എസ്.എഫ്.ഐക്കാര്‍ മിഥുനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു, പ്രതിരോധിക്കുകയല്ലാതെ ആയുധം ഉപയോഗിച്ചിട്ടില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപോര്‍ട്ട് ഉടന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറും.
പൊലീസ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനങ്ങളില്‍ കേസ് വലിയ ചര്‍ച്ചയാകാനിരിക്കെയാണ് അന്വേഷണവും അസോസിയേഷന്റെ വാര്‍ത്ത കുറിപ്പും വന്നിരിക്കുന്നത്. മിഥുന്‍ റോയിക്കെതിരെ കേസെടുത്തതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ ഇടയായ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ശംഖുമുഖത്തിന്റെ ചുമതലയുഉള ഫോര്‍ട്ട് എസിപിയാണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഒഴിവാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പൊലീസ് സേനയിലടക്കം ഉണ്ടായ വ്യാപക അമര്‍ഷത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം, പൊലീസുകാരനെ ഉപദ്രവിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
പൊലീസുകാരനെ വളഞ്ഞിട്ട് ആക്രമിച്ചത് അപമാനകരമാണെന്ന് പൊലീസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. പൊലീസുകാരനെതിരെ കേസെടുത്തതിലും എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് മാത്രം ചുമത്തി കേസെടുത്തതിലുമാണ് സേനയിലെ അതൃപ്തി. അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിറക്കിയതിന് പുറമെ ദ കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കി പൊലീസുകാര്‍ അമര്‍ഷം രേഖപ്പെടുത്തി. മിക്ക പൊലീസുകാരുടെയും സാമൂഹിക മാധ്യമങ്ങളിലെ സ്റ്റാറ്റസ് സുരേഷ് ഗോപിയുടെ ഈ മാസ് ഡയലോഗാണ്.
കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാല്‍ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തന്‍ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല എന്ന് മേലുദ്യോഗസ്ഥനെ ചൂണ്ടി സുരേഷ് ഗോപി പറയുന്ന ഭാഗം മുതല്‍ ജസ്റ്റ് റിമമ്പര്‍ ദാറ്റ് എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഭാഗം വരെയാണ് കട്ട് ചെയ്ത് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോടെ പ്രചരിപ്പിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക്കിനെ ഉന്നമിട്ടാണ് ഈ റീല്‍ പ്രചരിപ്പിക്കുന്നത്.







