ഹൊസങ്കടിയിലെ ആള്‍ക്കൂട്ട ആക്രമണം; പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരടക്കം മുഴുവന്‍ പ്രതികളും അറസ്റ്റില്‍, പൊലീസിന്റെ ചടുലനീക്കം ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങളെ

കാസര്‍കോട്: അറവു കേന്ദ്രത്തിലേയ്ക്ക് പശുക്കളെ എത്തിച്ചുകൊടുക്കുന്നുവെന്ന് ആരോപിച്ച് ഉത്തരേന്ത്യക്കാരായ രണ്ടു പേരെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരടക്കം മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തു. മുഖ്യപ്രതി കുഞ്ചത്തൂരിലെ അനില്‍കുമാര്‍ (23), പെര്‍മുദെയിലെ ഭരത് രാജ് (19), ഇച്ചിലങ്കോട്ടെ ഭരത് (19), രക്ഷിത് (21) എന്നിവരെയും 16 വയസ്സ് പ്രായമുള്ള രണ്ടുപേരെയുമാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇവര്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. മറ്റുള്ള നാലു പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെ ഹൊസങ്കടിക്ക് സമീപം കരോഡയിലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് നിന്നു കന്നുകാലികളുമായി എത്തിയ ലോറിയിലെ ജീവനക്കാരായ ഫര്‍ഖാന്‍ (48), ദൗദ് (28) എന്നിവരാണ് ആക്രമണത്തിനു ഇരയായത്. ഇവര്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പശുക്കടത്ത് ചോദ്യം ചെയ്ത് ഉത്തരേന്ത്യന്‍ മോഡലില്‍ മഞ്ചേശ്വരത്തും അക്രമം നടന്നുവെന്ന പ്രചരണമാണ് പ്രതികളെ വേഗത്തില്‍ പിടികൂടുന്നതിനായി പൊലീസിനെ പ്രേരിപ്പിച്ചത്. സംഭവം സംസ്ഥാന തലത്തില്‍ തന്നെ വിവാദമാക്കി മാറ്റാനുള്ള ശ്രമവും ഉണ്ടായിരുന്നതായി അധികൃതര്‍ സൂചിപ്പിച്ചു. ഇതു വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്ന ആശങ്കയും ഉയര്‍ന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. വ്യത്യസ്ത മത വിശ്വാസികളാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതിയായ അനില്‍കുമാറിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page