ബീജിംഗ്: പുതുവത്സരം ആഘോഷിക്കാന്‍ അവധി ലഭിക്കുന്നില്ലെന്ന പരാതി വേണ്ട. വീട്ടിലെ മുതിര്‍ന്നവരെ വന്ദിക്കാന്‍ ഡെലിവറി ബോയിയെ ഏര്‍പ്പെടുത്തുന്ന പുതിയ സേവനം അവതരിപ്പിച്ച് ചൈനയിലെ ഒരു ഡെലിവറി കമ്പനി. കാശ് കൊടുത്താല്‍ മതി, സേവനം വിരല്‍ തുമ്പിലെത്തും. ഹെനാന്‍ പ്രവിശ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യുയു പവോട്ടുയി’ എന്ന കമ്പനിയാണ് പുതുതലമുറയെ ലക്ഷ്യമിട്ട് തങ്ങളുടെ ആപ്പിലൂടെ മൂന്ന് വ്യത്യസ്ത പാക്കേജുകള്‍ അവതരിപ്പിച്ചത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ പുതിയ സംവിധാനം ചര്‍ച്ചയായി കഴിഞ്ഞു. ചൈനയില്‍ പുതുവത്സരങ്ങള്‍ക്ക് വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ആചാരപരമായ വന്ദനം അര്‍പ്പിക്കുന്ന ചടങ്ങുണ്ട്. എന്നാല്‍ ഇന്ന് പലര്‍ക്കും അവധി കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാറില്ല. അത്തരക്കാരെ ലക്ഷ്യമിട്ടാണ് ഡെലിവറി കമ്പനി വിചിത്രമായ ഓഫറുമായി എത്തിയത്.
ബേസിക് പാക്കേജിന് 39 യുവാന്‍ അതായത് ഏകദേശം 450 രൂപയാണ് ചാര്‍ജ്ജ്. വീടിന്റെ വാതിലില്‍ പുതുവര്‍ഷ ചിഹ്നങ്ങള്‍ പതിപ്പിക്കുക, ചെറിയ രീതിയിലുള്ള ശുചീകരണം എന്നിവ ഇതില്‍പ്പെടുന്നു.
അടുത്ത പാക്കേജിന് 199 യുവാന്‍ അതായത് ഏകദേശം 2,300 രൂപ വരെയാണ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക, ആശംസകള്‍ അറിയിക്കുക, അവര്‍ നല്‍കുന്ന കൈനീട്ടം വാങ്ങി ഉടമയ്ക്ക് അയച്ചുകൊടുക്കുക എന്നീ സേവനങ്ങള്‍ ഈ ചാര്‍ജില്‍ ലഭിക്കും.
പ്രീമിയം പാക്കേജിന് 999 യുവാന്‍ അതായത് ഏകദേശം 11,500 രൂപ വരും. ഇതിലാണ് ചൈനീസ് പാരമ്പര്യമായ ‘കൊട്ടു’ ഉള്‍പ്പെടുന്നത്. ഡെലിവറി ബോയ് മുതിര്‍ന്നവരുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് വന്ദനം അര്‍പ്പിക്കും. ഈ ചടങ്ങ് ഉപഭോക്താവിന് വീഡിയോ കോളിലൂടെ തത്സമയം കാണുകയും ചെയ്യാം.
കമ്പനിയുടെ ന്യൂജെന്‍ സേവനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ജോലി തിരക്ക് കാരണം നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതൊരു നല്ല മാര്‍ഗ്ഗമാണെന്ന് അനുകൂലിക്കുന്നവര്‍ പറയുമ്പോള്‍ സ്‌നേഹവും ബഹുമാനവും പണം നല്‍കി വാങ്ങേണ്ടതല്ലെന്നും, മക്കള്‍ നേരിട്ട് വരുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നുമാണ് മറു കൂട്ടര്‍ വാദിക്കുന്നത്.
ഫെബ്രുവരി ഒമ്പതിനാണ് കമ്പനി സേവനം ആരംഭിച്ചത്. ഇതിനകം തന്നെ 175 ഓര്‍ഡറുകള്‍ ലഭിച്ചതായി കമ്പനിയുടെ ആപ്പ് പരിശോധിച്ചാല്‍ കാണാം. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതുപോലെയാണ് ഡെലിവറി ബോയിയുടെ സേവനത്തിന് വേണ്ടിയും ഓര്‍ഡര്‍ ചെയ്യുന്നത്.







