80 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു; ഒടുവില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്; അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂയോര്‍ക്ക്: 80 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് വിമാനത്തിന്റെ എന്‍ജിന്‍ യാത്രയ്ക്കിടെ പൊട്ടിത്തെറിച്ചു. ഒടുവില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. നൈജീരിയയിലെ ലാഗോസില്‍ നിന്നുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബുധനാഴ്ച നടന്ന അപകടത്തില്‍ വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ സുരക്ഷിതരാണ്. എന്‍ജിന്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഭയചകിതരായ യാത്രക്കാര്‍ നിലവിളിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

നെജീരിയയിലെ ലാഗോസില്‍ നിന്ന് പുറപ്പെട്ട അരിക് എയറിന്റെ ബോയിംഗ് 737 വിമാനമാണ് യാത്രയ്ക്കിടെ ഇടത്ത് വശത്തെ എന്‍ജിന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിന്റെ ഇടത് ഭാഗത്ത് വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പിന്നാലെ വിമാനം കൂപ്പുകുത്തിയെന്നുമാണ് അപകടത്തെ കുറിച്ചുള്ള യാത്രക്കാരുടെ പ്രതികരണം.

എന്‍ജിന്‍ പൊട്ടിത്തെറിച്ച് വയറുകളും പൈപ്പുകളും എന്‍ജിന്റെ മറ്റ് സാമഗ്രഹികളും പുറത്ത് വന്ന നിലയിലായിരുന്നു എമര്‍ജന്‍സി ലാന്‍ഡിംഗ്. കോക്പിറ്റില്‍ അപ്രതീക്ഷിതമായി കണ്ട സിഗ്‌നലുകള്‍ അനുസരിച്ച് പരിശോധിക്കുമ്പോഴാണ് എന്‍ജിന്‍ പൊട്ടിത്തെറിച്ചതായി വ്യക്തമാകുന്നത്. ക്രൂയിസ് ഫേസില്‍ ആയിരുന്നു അപകടമുണ്ടായത്.

നൈജീരിയയില്‍ നിന്നുള്ള വിദഗ്ധ സംഘം ബെനിനില്‍ എത്തി പരിശോധനകള്‍ ആരംഭിച്ചു. സാക്ഷി മൊഴികളും കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും അടക്കമുള്ള വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ അരിക് എയര്‍ ക്ഷമാപണം നടത്തി. ഗുരുതര തകരാറിന് ശേഷവും സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്‍. യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ സംവിധാനമൊരുക്കിയെന്ന് അരിക് എയര്‍ വിശദമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page