ഇന്‍ഡോര്‍: കോളജ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നഗ്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ കാണാതായ 24 കാരിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം സഹപാഠിയുടെ അങ്കിള്‍ ഗലിയിലെ വാടക വീട്ടില്‍ നഗ്‌നയാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
ഇന്‍ഡോറിലെ സാന്‍വര്‍ റോഡിലുള്ള കോളേജില്‍ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹപാഠി പിയൂഷ് ധനോട്ടിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിനുശേഷം ഇയാളെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച പീയുഷിന്റെ വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടതാണ് കേസില്‍ വഴിത്തിരിവായത്. പൊലീസ് എത്തിയപ്പോള്‍ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കാലിലെ സോക്‌സ് കണ്ട് പിതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ ഉണ്ടായിരുന്നു. പീയുഷ് പെണ്‍കുട്ടിയെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ചൊവ്വാഴ്ച ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ പിതാവിനൊപ്പം വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി അന്ന് വൈകുന്നേരം താന്‍ സഹപാഠിയായ പിയൂഷ് ധനോട്ടിയയ്ക്കൊപ്പം ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുമെന്നും രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നും വീട്ടുകാരെ അറിയിച്ചിരുന്നു.
എന്നാല്‍ രാത്രി വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചെത്തിയില്ല. അന്ന് രാത്രി വിദ്യാര്‍ത്ഥിനിയുടെ ഫോണില്‍ നിന്ന് കോളേജ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പെണ്‍കുട്ടിയും ഒരു യുവാവും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയിലും പുരുഷന്റെ മുഖം മറച്ച നിലയിലുമായിരുന്നു വീഡിയോ.
വീഡിയോ കാണാനിടയായ കോളേജ് മാനേജ്‌മെന്റ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നു വീഡിയോ നീക്കം ചെയ്യുകയും പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട് വീഡിയോയെക്കുറിച്ചും, മകളുടെയും വീഡിയോയിലുള്ള യുവാവെന്ന് സംശയിക്കുന്ന പീയുഷിന്റേയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും അറിയിച്ചു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് പരാതിയില്‍ കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ദ്വാരികപുരി പ്രദേശത്തെ അങ്കിള്‍ ഗലിയിലുള്ള പിയൂഷ് ധനോട്ടിയയുടെ വീട്ടില്‍ ഒരു പൊലീസുകാരന്‍ എത്തിയെങ്കിലും വീട് പുറത്തു നിന്ന് പൂട്ടിയതിനാല്‍ ആളില്ലെന്ന് കരുതി തിരിച്ച് പോയെന്ന് കുടുംബം പറയുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പീയുഷിന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നും മൂന്ന് ദിവസം മുമ്പ് മരണം സംഭവിച്ചുവെന്നും വ്യക്തമായിരുന്നു.
പെണ്‍കുട്ടിയും പീയുഷും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പീയുഷ് തന്നെ മാനസികമായി പീഡിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും തന്റെ ഫോണില്‍ നിന്ന് ആക്ഷേപകരമായ വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും, സുഹൃത്തുക്കള്‍ക്ക് അടക്കം അയക്കുകയും ചെയ്തുവെന്ന് മരണത്തിന് മുമ്പ് മകള്‍ ഇളയ സഹോദരിയെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
പെണ്‍കുട്ടിക്കൊപ്പമുള്ള അശ്ലീല വീഡിയോ കോളേജ് വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്തതും പീയുഷ് ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കൃഷ്ണ ലാല്‍ചന്ദാനി അറിയിച്ചു.







