മഞ്ചേശ്വരം: എകെഎം അഷറഫ് എംഎൽഎയുടെ വോട്ട് ചോരി ആരോപണം പരാജയഭീതിയെ തുടർന്നാണെന്നും വോട്ടർപട്ടികയിലെ വ്യാജ വോട്ടർമാരെ നീക്കം ചെയ്യാനുള്ള അപേക്ഷകളുടെ കാര്യത്തിൽ ജില്ലാ കളക്ടർ നിലപാട് വ്യക്തമാക്കിയതോടെ ഇക്കാര്യം തെളിഞ്ഞെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ അപേക്ഷ സമർപ്പിച്ച ബിജെപി നേതാവിൻ്റെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്താനാണ് മഞ്ചേശ്വരം എം.എൽ.എയുടെ ശ്രമം. വോട്ട് ചേർക്കലെന്ന പോലെ വോട്ട് നീക്കം ചെയ്യാൻ അപേക്ഷ നൽകലും ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ്. വ്യാജവോട്ടർമാരെയും ഇരട്ട വോട്ടർമാരെയും ഉപയോഗിച്ചാണ് മുസ്ലിംലീഗ് നാളിതു വരെ തെരഞ്ഞെടുപ്പുകളിൽ മുൻതൂക്കം നേടിയതെന്നും ഇതിനായി ലീഗിൻ്റെ നിയന്ത്രണത്തിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വ്യാജ റസിഡൻസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതായും അശ്വിനി ആരോപിച്ചു.






