കാസര്‍കോട്: മഹാശിവരാത്രി നാളെ; ശിവക്ഷേത്രങ്ങള്‍ ഒരുങ്ങി. ലോകത്തെ നശിപ്പിക്കുവാന്‍ പര്യാപ്തമായ കാളകൂട വിഷം ഭൂമിയില്‍ വീഴാതെ ശിവന് പാനം ചെയ്ത രാത്രിയാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം.
ആഘോഷത്തിന്റെ ഭാഗമായി എല്ലാ ശിവക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികള്‍ ഉണ്ടാകും. കാസര്‍കോട് ജില്ലയില്‍ ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷത്തിനു ഒരുങ്ങി.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം, മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, ഗുഡ്ഡെ മഹാലിംഗേശ്വരക്ഷേത്രം, പറക്കില മഹാദേവ ശാസ്താര ക്ഷേത്രം, കോളിയടുക്കം ശിവപുരം ശിവക്ഷേത്രം, പെരിയ പെരിയോക്കി ഗൗരിശങ്കര ക്ഷേത്രം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, കാഞ്ഞങ്ങാട് പൂങ്കാവനം കര്‍പ്പൂരേശ്വര ക്ഷേത്രം, ബേളൂര്‍ ശിവക്ഷേത്രം, വേലക്കുന്ന് ശിവക്ഷേത്രം, നീലേശ്വരം തളിയില്‍ ശിവക്ഷേത്രം, ചെറുവത്തൂര്‍ മേല്‍മട്ടലായി ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് ജില്ലയില്‍ ശിവരാത്രി ആഘോഷം പ്രധാനമായും നടക്കുന്ന ക്ഷേത്രങ്ങള്‍. ആഘോഷത്തിന്റെ ഭാഗമായി വിവിധ പൂജകള്‍, ഭജന, കലാപരിപാടികള്‍ എന്നിവ നടക്കും.
ശിവരാത്രി : ഇന്ന് പിളേളരുടെ ഒറ്റക്കോലം; ചെറുവത്തൂർ അച്ചാന്തുരുത്തി ശ്രീ വിഷ്ണുമൂർത്തിക്ഷേത്രത്തിൽ
ചെറുവത്തൂര്‍: സംസ്ഥാനത്തെ കുട്ടികളുടെ ഏക ക്ഷേത്രമായ ചെറുവത്തൂര്‍ അച്ചാംതുരുത്തി കത്യന്റെമാട് ബാലഗോകുലം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം പിള്ളേരുടെ ഒറ്റക്കോലമഹോത്സവമായി ഇന്ന് ആഘോഷിക്കുന്നു.

മഹാശിവരാത്രി നാളില്‍ ഉറക്കമിളച്ച് കുട്ടികള്‍ കളിയായി തെയ്യാട്ടം നടത്തിയ സ്ഥലമാണ് നാടിന്റെ ആരാധനാ കേന്ദ്രമായി വളര്‍ന്നത്. ഇതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഇന്ന് ‘പിള്ളേരുടെ ഒറ്റക്കോലം’ കെട്ടിയാടുന്നത്.
കേരളത്തിലെ കുട്ടികളുടെ ഏക ക്ഷേത്രമാണ് അച്ചാംതുരുത്തി- കത്യന്റെമാട് ബാലഗോകുലം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം. ഇവിടെയാണ് ഇന്ന് പിള്ളേരുടെ ഒറ്റക്കോലം നടക്കുന്നത്. 100 വര്‍ഷം മുമ്പ് ഒരു ശിവരാത്രി നാളില്‍ വാഴപ്പോളയില്‍ പള്ളിയറയും മുരിക്ക് കൊണ്ടുള്ള വാള്, മച്ചിങ്ങ കൊണ്ടുള്ള മേലേരി എന്നിവ തീര്‍ത്ത് വണ്ണാന്‍ സമുദായത്തില്‍പ്പെട്ട കൊച്ചു കുട്ടി കോലധാരിയും കൂട്ടുകാര്‍ കര്‍മ്മികളും നര്ത്തകന്മാരുമായിട്ടാണ് ഒറ്റക്കോലമാടിയത്. കാലാന്തരത്തില്‍ മുതിര്‍ന്നവര്‍ ഇടപെട്ട് കളി നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും കുട്ടികളുടെ ആവേശം അടങ്ങിയില്ല. മര്‍ദ്ദനമുറയില്‍ പിന്തിരിഞ്ഞെങ്കിലും അച്ചാംതുരുത്തി ദ്വീപില്‍ വസൂരി ഭീകര താണ്ഡവമാടി. പ്രശ്ന ചിന്തയിലാണ് കുട്ടികളുടെ കളിയില്‍ ഈശ്വര സാന്നിദ്ധ്യമുണ്ടായതായി വെളിപ്പെട്ടത്. പള്ളിയറ പണിത് ദേവനെ കുടിയിരുത്താനും നിര്‍ദേശമുയര്‍ന്നു. പള്ളിയറയില്‍ പ്രധാന ദേവനായി വിഷ്ണുമൂര്‍ത്തിയേയും ഉപദേവതയായി ചാമുണ്ഡിയേയും, പനിയന്ദൈവത്തെയും കുടിയിരുത്തി.
ആദ്യകാലത്ത് കുട്ടികള്‍ കളിക്കാനുപയോഗിച്ച ‘മുരിക്കിന്റെ വാള്’ തന്നെയാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ഇതര ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വണ്ണാന്‍ സമുദായത്തില്‍പ്പെട്ട അവിവാഹിതരാണ് ഒറ്റക്കോലമണിയുന്നത്.
കര്‍മ്മികളായി നോറ്റിരിക്കുന്ന ക്ഷേത്രകമ്മിറ്റിയുടെ പ്രസിഡന്റും കുട്ടിയാണ്. അച്ചാംതുരുത്തി തേജസ്വിനി പുഴയോരത്ത് ശാന്തതയോടെ തഞ്ചാവൂര്‍ ശില്പചാതുരിയില് തലയുയര്‍ത്തി നില്ക്കുന്ന ക്ഷേത്രത്തില്‍ ഇന്ന് ഒറ്റക്കോലം തുടങ്ങും. രാവിലെ 6.30ന് പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലശം കുളിച്ചു വരവും വൈകുന്നേരം 6.30 ന് ദീപാരാധനയും. തുടര്‍ന്ന് മേലേരിക്ക് അഗ്നി പകരും. നാളെ പുലര്‍ച്ചെ 5 മണിക്ക് വിഷണുമൂര്ത്തിയുടെ കനലാട്ടം കാണാന്‍ ആയിരങ്ങളെത്തും.






