കാസര്‍കോട്: ബസ് യാത്രയ്ക്കിടയില്‍ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. മുന്നാട് പേത്താളംകയയില്‍ താമസക്കാരനായിരുന്ന എം കെ രവീന്ദ്രന്‍ (65)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. പൊയ്‌നാച്ചിയില്‍ നിന്നു കുണ്ടംകുഴിയിലേയ്ക്കുള്ള സ്വകാര്യ ബസില്‍ പെര്‍ളടുക്കം ബസ് സ്റ്റോപ്പില്‍ നിന്നാണ് രവീന്ദ്രന്‍ കയറിയത്. അവസാന സ്റ്റോപ്പായ കുണ്ടംകുഴിയില്‍ ബസ് എത്തിയപ്പോള്‍ മറ്റു യാത്രക്കാരെല്ലാം ഇറങ്ങിയിട്ടും ഇദ്ദേഹം മാത്രം ഇറങ്ങിയില്ല. സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരനെ കണ്ടക്ടര്‍ തട്ടി വിളിച്ചു. എന്നിട്ടും അനങ്ങിയില്ല. സംശയം തോന്നി സ്ഥലത്തെ ഒരു ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം ബേഡഡുക്ക താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വയനാട്, മാനന്തവാടി, സ്വദേശിയായ രവീന്ദ്രന്‍ വീട്ടുകാരുമായി പിണങ്ങി 40 വര്‍ഷം മുമ്പാണ് ബേഡഡുക്കയിൽ എത്തിയത്. ഏറെ കാലം ക്വാറിയില്‍ തൊഴിലാളിയായിരുന്നു. ഇതിനിടയില്‍ കുണ്ടംപാറയിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഒന്നിച്ചു താമസിക്കുകയായിരുന്നു. പിന്നീട് ഭാര്യയുമായി പിണങ്ങി വയനാട്ടിലേയ്ക്ക് തിരിച്ചുപോയി. ഏറെ കഴിയും മുമ്പ് ഭാര്യയുടെ അടുത്തേയ്ക്ക് തിരിച്ചെത്തി പിന്നീട് വഴക്കിടുന്നതിനിടയില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും അറസ്റ്റിലാവുകയും ചെയ്തു. പ്രസ്തുത കേസില്‍ 11 മാസം ജയിലില്‍ കഴിഞ്ഞ രവീന്ദ്രന്‍ പുറത്തിറങ്ങിയ ശേഷം വിവിധ സ്ഥലങ്ങളില്‍ അന്തിയുറങ്ങുകയായിരുന്നുപതിവ്. കുറേകാലം കുണ്ടംകുഴിയിലെ ഒരു തറവാട് ഭവനത്തിന്റെ കോലായിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ഒരു സ്ത്രീയുടെ പരാതി ഉണ്ടായപ്പോള്‍ പൊലീസ് ഇടപെട്ട് പ്രസ്തുത സ്ഥലത്തെ അന്തിയുറക്കം അവസാനിപ്പിച്ചു. അതിനു ശേഷം വിവിധ സ്ഥലങ്ങളില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയില്‍ ഭാര്യ വിവാഹ മോചനം നേടിയതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.






