ആലിന്‍ ഷെറിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; ഒദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും

തിരുവനന്തപുരം: അഞ്ചുപേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് യാത്രയായ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും. നാളെ വൈകിട്ട് മൂന്നുമണിക്ക് വീടിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് ആലിന്റെ സംസ്‌ക്കാര ചടങ്ങ്. അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാതാപിതാക്കളുടെ തീരുമാനം മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദിച്ചു. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. മാതാപിതാക്കളായ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണും അവയവദാനത്തിന് തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറി. ഇതുവഴി 5 പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്. ഹെലികോപ്റ്റര്‍ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ റോഡ് മാര്‍ഗം കൊണ്ടുവരാന്‍ തിരുമാനിച്ചു. അതേറ്റവും വേഗത്തില്‍ എത്തിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ എടുത്ത് യാത്ര സുഗമമാക്കിയ പൊലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ആലിനില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ നിലവില്‍ 2 കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി കഴിഞ്ഞു. മഹത്തായ മാനവീയ ഉദ്യമം വിജയിപ്പിക്കാന്‍ പ്രയത്‌നിച്ച ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. അവയവദാന രംഗത്ത് കേരളം സമൂഹത്തിന് വലിയ മാതൃക പകര്‍ന്നിരിക്കുകയാണ് ആലിന്‍ ഷെറിന്റെ മാതാപിതാക്കള്‍. അവരുടെയും ഈ നാടിന്റേയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയാക്കും- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page