കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂരില്‍ ഏകമകളെയും ഭാര്യാ സഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. തെളിവെടുപ്പിനും തുടര്‍ അന്വേഷണത്തിനുമായി അഞ്ചു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി ഉമറുല്‍ ഫാറൂഖിനെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ തിരികെ ഹാജരാക്കുമെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ പറഞ്ഞു.
ഫെബ്രുവരി രണ്ടിന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ഏകമകള്‍ മറിയം ജുമൈല (18) ഭാര്യാ സഹോദരി ഭര്‍ത്താവായ ഷേക്കുഞ്ഞി (60) എന്നിവരെയാണ് ഉമറുല്‍ ഫാറൂഖ് വെട്ടിക്കൊലപ്പെടുത്തിയത്.
കോടതി കസ്റ്റഡിയില്‍ വിട്ട ഉമറുല്‍ഫാറൂഖിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇരട്ടക്കൊലപ്പാതകം നടന്ന വീട്ടിലും മറ്റും തെളിവെടുപ്പിനു കൊണ്ടുപോയത്. പ്രതിയെ കൊല നടന്ന വീട്ടില്‍ എത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഭാര്യയടക്കമുള്ള സ്ത്രീകള്‍ ഉമറുല്‍ ഫാറൂഖിനെതിരെ തിരിഞ്ഞു. കയ്യേറ്റത്തിനു ശ്രമം ഉണ്ടായെങ്കിലും പൊലീസ് തടയുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ പൊലീസ് വാഹനത്തില്‍ കയറ്റിയത്. വാഹനത്തിനു സമീപത്തേയ്ക്കും പ്രതിഷേധക്കാരെത്തി.
ഉപ്പള റെയില്‍വെസ്റ്റേഷന്‍ റോഡിലെ ഒരു കടയില്‍ നിന്നാണ് ഇരട്ടക്കൊലയ്ക്കു ഉപയോഗിച്ച കത്തിവാങ്ങിയതെന്നു ഉമറുല്‍ ഫാറൂഖ് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തി വാങ്ങിയ കടയിലും തെളിവെടുത്തു. കടക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞു. സ്ഥലത്തെ സി സി ടി വിയിലും ഉമറുല്‍ ഫാറൂഖ് കടയിലേയ്ക്ക് വരുന്നതിന്റേയും മടങ്ങിപ്പോകുന്നതിന്റേയും ദൃശ്യങ്ങള്‍ ഉള്ളതായി പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.
ആദ്യം ഒരു ഹാര്‍ഡ് വെയര്‍ കടയില്‍ കയറിയെങ്കിലും അവിടെ കത്തി ഇല്ലാതിരുന്നതിനാലാണ് രണ്ടാമത്തെ കടയില്‍ കയറിയതെന്നു പ്രതി പൊലീസിനു മൊഴി നല്‍കി.







