കല്യോട്ട് ഇരട്ടക്കൊല: രക്തസാക്ഷിത്വ ദിനാചരണ പൊതുസമ്മേളന ഉദ്ഘാടനം കര്‍ണ്ണാടക ആഭ്യന്തര മന്ത്രി; 16ന് വൈകിട്ട് ചാലിങ്കാലില്‍ നിന്നു കല്യോട്ടേക്ക് ബൈക്ക് റാലി

കാസര്‍കോട്: പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം 17ന് നടക്കും. അന്ന് വൈകിട്ട് 3ന് കല്യോട്ട് നടക്കുന്ന സമ്മേളനം കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി സ്മാരകത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വ്വഹിക്കും. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ദിനാചരണ പരിപാടിയുടെ ഭാഗമായി 16ന് വൈകിട്ട് ചാലിങ്കാലിലെ ദേവദാസിന്റെ രക്തസാക്ഷി സ്തൂപത്തില്‍ നിന്ന് കല്യോട്ടേക്ക് ബൈക്ക് റാലിയുമുണ്ടാകും. ചാലിങ്കാലില്‍ നിന്നാരംഭിക്കുന്ന റാലി പെരിയ ബസ് സ്‌റ്റോപ്പ്, കനിയംകുണ്ട് വഴി കല്യോട്ടെ ശരത് ലാല്‍-കൃപേഷ് രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ സമാപിക്കും. റാലിക്കും പൊതുസമ്മേളനത്തിനും കനത്ത സുരക്ഷയൊരുക്കാനാണ് പൊലീസിന്റെ തീരുമാനം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കല്യോട്ടും പരിസരങ്ങളും പൊലീസ് നിരീക്ഷണമേര്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കല്യോട്ട് ടൗണില്‍ വില കൊടുത്തു വാങ്ങിയ പതിമൂന്നര സെന്റ് സ്ഥലത്താണ് രക്തസാക്ഷി സ്മാരക മന്ദിരം പണിയുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള മന്ദിരം പണിയാനാണ് പാര്‍ട്ടിയുടെ തീരുമാനം. 2019 ഫെബ്രുവരി 17ന് സന്ധ്യയോടെയാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 25 പേരെ പ്രതിയാക്കിയാണ് ഇരട്ടക്കൊലക്കേസ് ഏറ്റവുമൊടുവില്‍ അന്വേഷിച്ച സിബിഐ കുറ്റപത്രം നല്‍കിയത്. ഇവരില്‍ 10 പേരെ കൊച്ചി സിബിഐ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിയും സിപിഎം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ പീതാംബരന്‍ ഉള്‍പ്പെടെ 10 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള 4 സിപിഎം നേതാക്കളെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇവര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാസഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്: കത്തിവാങ്ങിയത് ഉപ്പളയിലെ കടയില്‍ നിന്ന്; തെളിവെടുപ്പിനിടയില്‍ പ്രതിക്കു നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം, നാടകീയ രംഗങ്ങള്‍

You cannot copy content of this page