കാസർകോട്: കേന്ദ്ര സർക്കാരിൻറെ ലേബർ കോഡിനെതിരെ തൊഴിലാളി സംഘടനകൾ ദേശീയതലത്തിൽ പണിമുടക്കുമ്പോൾ സംസ്ഥാനത്തെ ഒരു തൊഴിലാളി , തൊഴിൽ തരൂ എന്ന് ആവശ്യപ്പെട്ട് തൊഴിൽ മേധാവിയുടെ ഓഫീസിനു മുന്നിൽ പ്ലക്കാർഡ് പിടിച്ച് ഒറ്റയ്ക്ക് സമരം ചെയ്യുന്നു . കാസർകോട് കെഎസ്ആർടിസി ഡിപ്പോയിലാണ് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും നിലനിൽപ്പിനുവേണ്ടി ഒരു ജീവനക്കാരൻ ഒറ്റക്കു സമരം ആരംഭിച്ചത്. യൂണിയനുകളുടെ സമരം വ്യാജമാണെന്ന് ഒറ്റയാൾ സമരത്തിലുള്ള കെഎസ്ആർടിസി ഡ്രൈവർ നസീർ പറഞ്ഞു.മാത്രമല്ല യൂണിയനുകൾ വ്യാജമാണെന്ന് അദ്ദേഹം ധൈര്യപൂർവ്വം പറയുന്നു. 24 മണിക്കൂറും ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കുന്ന കെഎസ്ആർടിസിക്ക് ഓശാന പാടുന്ന യൂണിയനുകൾ 12 മണിക്കൂർ ജോലി ചെയ്യണമെന്ന് പറയുന്നതിനെ എതിർക്കുന്നത് കാപട്യമല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. യൂണിയനുകളിൽ ഉള്ളത് നോക്കുകൂലിക്കാരും പണിയെടുക്കാതെ കൂലി വാങ്ങി സുഖമായി ജീവിക്കുന്നവരുമാണെന്ന് അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള വരുമാനമെങ്കിലും ഉണ്ടാക്കാനും ജീവനക്കാർക്ക് സ്വപ്നതുല്യമായ ജോലി ഉറപ്പാക്കാനും സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുമ്പോൾ അത് അടിമറിക്കാനാണ് യൂണിയനുകൾ പണിമുടക്കിയിട്ടുള്ളതെന്ന് നസീർ എടുത്തുപറയുന്നു. ജോലിചെയ്ത് കൂലി വാങ്ങി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇത്തരം സമര പ്രഹസനങ്ങളെ അനുകൂലിക്കില്ലെന്ന് നസീർ പറഞ്ഞു. കെഎസ്ആർടിസി മാനേജ്മെന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമരം ചെയ്യുന്ന നസീർ , തനിക്ക് ജോലി തരൂ എന്ന് പ്ലക്കാഡിൽ സ്റ്റേഷൻ മാസ്റ്ററോട് ആവശ്യപ്പെടുന്നു .19 വർഷമായി ഒരു അപകടം പോലും ഉണ്ടാക്കാത്ത കെഎസ്ആർടിസി ഡ്രൈവറാണ് താനെന്നു നസീർ അഭിമാനത്തോടെ പറഞ്ഞു .തുടർച്ചയായി 24 മണിക്കൂർ ബസ് ഓടിച്ച തനിക്ക് വിശ്രമം പോലും നൽകാതെ വീണ്ടും ഡ്യൂട്ടി ഇട്ടപ്പോൾ ക്ഷീണവും ഉറക്കവും ഉണ്ടെന്നും വിശ്രമിക്കാൻ അല്പം അവസരം നൽകണമെന്നും ആവശ്യപ്പെട്ടതിന് കോട്ടയം ഡിപ്പോയിൽ ഡ്രൈവറായിരുന്ന തന്നെ കാസർകോട്ടേക്ക് തട്ടുകയായിരുന്നു. 24 മണിക്കൂർ തുടർച്ചയായി ജോലി സംവിധാനം നിലനിൽക്കുന്ന കെഎസ്ആർടിസിയിൽ അതിനെതിരെ ചെറുവിരലനക്കാത്ത യൂണിയനുകൾ എന്തിനുവേണ്ടിയാണ് സമരം നടത്തുന്നതെന്നു നസീർ ചോദിക്കുന്നു. ആരുടെ താല്പര്യം സംരക്ഷിക്കാനാണ് സമരം എന്നു ജീവനക്കാരോടും ജനങ്ങളോടും തുറന്നു പറയാൻ നേതൃത്വങ്ങൾ തയ്യാറാവണമെന്നും നസീർ ആവശ്യപ്പെട്ടു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നസീർ കാസർകോട്ട് ജോലിയിൽ പ്രവേശിച്ചത്. പെരുമ്പാവൂർ സ്വദേശിയാണ് . ഇത്രയും കാലം ഒരു യൂണിയൻ്റെയും ഭാഗമായിട്ടില്ല. തൊഴിലുടമയാണ് കൂലി തരുന്നതെന്ന ബോധം പണ്ടേയുണ്ട്. തൊഴിലുടമ പറയുന്ന ജോലി ചെയ്യണമെന്ന ബോധവും തനിക്കുണ്ട്. ആ ജോലി കൃത്യമായും സമർപ്പണബോധത്തോടും ചെയ്യുന്നതനിക്കും തൊഴിലുടമയും യൂണിയനും എല്ലാം കെ എസ്.ആർ.ടി.സി. മാത്രമാണെന്നും നമ്പീർ പറഞ്ഞു. കെ.എസ്.ആർ.ടി.ക്കുണ്ടാവുന്ന നഷ്ടം തൻ്റെ നഷ്ടം കൂടിയാണെന്നു വിശ്വസിക്കുന്നു. അതിനാൽ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തെ നഷ്ടപ്പെടുത്താനോ നശിപ്പിക്കാനോ തനിക്കാവില്ലെന്നും നസീർ പറഞ്ഞു.






