സമസ്തക്ക് 14ന് കോട്ടക്കലില്‍ മറുപടി പറയുമെന്ന് കാന്തപുരം; കാസര്‍കോട്ടെ ആദര്‍ശ സമ്മേളനത്തില്‍ ആഞ്ഞടിച്ച് മുജാഹിദ്

കാസര്‍കോട്: സമസ്തയില്‍ നിന്നു പുറത്തു പോയവര്‍ മാതൃസംഘടനയിലേക്ക് തിരിച്ചു വരണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ആഹ്വാനത്തിന് കോട്ടക്കലില്‍ മറുപടി നല്‍കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ . കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ്അദ്ദേഹം നിലപാട് അറിയിച്ചത്. ഫെബ്രുവരി 14ന് കോട്ടക്കലില്‍ ‘100 പ്രകാശവര്‍ഷങ്ങള്‍ സമസ്ത സെന്റിനറി വിളംബരം’ പരിപാടിയില്‍ എല്ലാത്തിനും മറുപടി പറയും. ഐക്യചര്‍ച്ചകളൊക്കെ നേരത്തെ പല തവണ നടന്നിട്ടുണ്ട്- കാന്തപുരം വ്യക്തമാക്കി.
കുണിയയില്‍ നടന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് വിട്ടുപോയവര്‍ തിരിച്ചെത്തണമെന്ന് ജിഫ്രിമുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തത്. ഇതു സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടയിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. അതേസമയം ചൊവ്വാഴ്ച കാസര്‍കോട്, അണങ്കൂറില്‍ കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ (കെഎന്‍എം) നടത്തിയ ആദര്‍ശ സമ്മേളനത്തില്‍ സമസ്തക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
‘സമുദായത്തെ പിറകോട്ട് നയിച്ച സമസ്ത ‘എന്ന വിഷയത്തില്‍ കെഎന്‍എം മണ്ഡലം കമ്മിറ്റിയാണ് ആദര്‍ശ സമ്മേശനം നടത്തിയത്.
നൂറുവര്‍ഷമായിട്ടും യഥാര്‍ത്ഥ ഇസ്ലാമിനെ സമുദായത്തിനു പറഞ്ഞു കൊടുക്കുന്നില്ല. പകരം കളള കറാമത്ത് കഥകള്‍ കൊണ്ടും മഹാത്മാക്കള്‍ക്ക് ദിവ്യത്വം കല്‍പ്പിച്ചും സമുദായത്തെ പിന്നോട്ട് നയിക്കുകയാണെന്നു സമ്മേളനം ആരോപിച്ചു. പിന്തിരിപ്പന്‍ ആശയങ്ങളില്‍ തളച്ചിടാതെ സമുദായത്തെ യഥാര്‍ത്ഥ ഇസ്ലാമിന്റെ പാതയില്‍ നയിക്കാന്‍ സമസ്ത പണ്ഡിതന്മാര്‍ തയ്യാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഹമ്മദ് അനസ് മൗലവി പറഞ്ഞു.
ആദര്‍ശ സമ്മേളനം കെഎന്‍എം ജില്ലാ പ്രസിഡണ്ട് ഡോ. കെപി അഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജലീല്‍ തളങ്കര ആധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി എപി സൈനുദ്ദീന്‍, മണ്ഡലം സെക്രട്ടറി ബഷീര്‍ കൊല്ലംപാടി, അബ്ദുല്‍ ബാരി ബുസ്താനി, സിഎ മുനീര്‍, ഇബ്രാഹിം കോഴിക്കോട്, ഹാഷിം കൊല്ലംപാടി സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page