നാലുവര്‍ഷം മുമ്പു നല്‍കിയ കാര്‍ഷിക വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയിരുന്നില്ലെന്നു 4 വര്‍ഷത്തിനു ശേഷം കെ എസ് ഇ ബി; 70,000 രൂപ വരെ പിഴക്കു നോട്ടീസ്; അല്ലെങ്കില്‍ ഡിസ്‌കണക്ഷനെന്നു വൈദ്യുതി വിഭാഗം

കാസര്‍കോട്: നാലുവര്‍ഷം മുമ്പു കാര്‍ഷികാവശ്യത്തിനു കെ എസ് ഇ ബി നല്‍കിയ വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയില്ലെന്നു നാലുവര്‍ഷം കഴിഞ്ഞു സീതാംഗോളി കെ എസ് ഇ ബി സെക്ഷന്‍ ജീവനക്കാര്‍ കണ്ടുപിടിച്ചു!. അതില്‍ വിഷമിക്കേണ്ടെന്ന് സമാധാനിപ്പിച്ച കെ എസ് ഇ ബി, പുത്തിഗെ കൃഷിഭവന്‍ പരിധിയില്‍ ഇത്തരത്തില്‍ കണക്ഷനെടുത്ത 200 വോളം കര്‍ഷകര്‍ 70,000 രൂപ വരെ കുടിശ്ശിക അടച്ചാല്‍ മതിയെന്ന് ഉപദേശിച്ചു. പുത്തിഗെ കൃഷിഭവന്‍ പരിധിയിലെ 200വോളം കര്‍ഷകര്‍ക്കു ഈ തുകക്കുള്ള കുടിശ്ശിക ബില്ലും അയച്ചുകൊടുത്തു. നിശ്ചിത തീയ്യതിക്കകം ബില്ലടച്ചില്ലെങ്കില്‍ അതിശക്തമായ വേനല്‍ എത്തുന്നതോടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്നു താക്കീതു ചെയ്തു. ഉപജീവനമാര്‍ഗമായ കൃഷി അപ്പാടെ സൂര്യതാപമേറ്റു കരിച്ചു കളയുമെന്നു നേരിട്ടു പറഞ്ഞിട്ടില്ല. വേണ്ടവര്‍ അതു സൂക്ഷിച്ചോ എന്ന ഭീതിപ്പെടുത്തലാണ് ബില്ലെന്നു കര്‍ഷകര്‍ ആശങ്കപ്പെടുന്നു.
നാലുവര്‍ഷം മുമ്പു വൈദ്യുതി ജീവനക്കാര്‍ ഏതു കടലാസുനോക്കിയാണ് കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പദ്ധതി അനുസരിച്ചു സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കിയതെന്നു പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഷഹീമ ഫിദ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയോടും കൃഷി മന്ത്രി പ്രസാദിനോടും ആരാഞ്ഞു.
സൗജന്യ വൈദ്യുതികണക്ഷന്‍ കൊടുക്കും മുമ്പു അതിനുവേണ്ടി കര്‍ഷകര്‍ നല്‍കുന്ന അപേക്ഷ പൂര്‍ണമാണെന്ന് ഉറപ്പു വരുത്തേണ്ട ജീവനക്കാര്‍ നാലുവര്‍ഷം കഴിഞ്ഞു രേഖയില്ലെന്നു പറഞ്ഞു കണക്ഷന്‍ വിച്ഛേദിക്കാന്‍ പുറപ്പെട്ടിരിക്കുന്നതു ഇടതു സര്‍ക്കാര്‍ നയമാണോ എന്നു മന്ത്രിമാരോട് അവര്‍ ചോദിച്ചു. ചുമതല കൃത്യവും സത്യസന്ധവുമായി നിര്‍വ്വഹിക്കാത്ത ജീവനക്കാരെയാണ് മന്ത്രിമാര്‍ക്കും കൂട്ടുകിട്ടിയതെങ്കില്‍ ഇവരെക്കൊണ്ട് ആര്‍ക്ക് എന്ത് നീതിയാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സംശയം പ്രകടിപ്പിച്ചു. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുകൊണ്ടു സര്‍ക്കാര്‍ വിലാസത്തില്‍ നാട്ടുകാരെ കൊള്ളയടിക്കാനും ബുദ്ധിമുട്ടിക്കാനുമാണ് സര്‍ക്കാരിന്റേയും വൈദ്യുതി വകുപ്പിന്റേയും നീക്കമെങ്കില്‍ കര്‍ഷകരതു നോക്കിയിരിക്കില്ലെന്നു നാട്ടുകാര്‍ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page