ബെംഗളൂരു: മോഷ്ടാക്കളുടെ ആക്രമണത്തില്‍ ബെംഗളൂരുവില്‍ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു നോര്‍ത്തിലെ ഹുസ്‌കൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 45കാരിയായ ജ്യോതിയാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മുറ്റം തൂത്തുവാരുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ജ്യോതിക്ക് നേരെ സ്‌പ്രേ അടിക്കുകയായിരുന്നു.
ഇതോടെ ബോധരഹിതയായി വീണ ജ്യോതിയുടെ കഴുത്തിലുണ്ടായിരുന്ന എട്ടരപ്പവന്‍ തൂക്കമുള്ള മാല തട്ടിപ്പറിച്ചെടുത്ത് സംഘം സ്ഥലംവിട്ടു. ജ്യോതിയെ ഉടന്‍ തന്നെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ മദനായകനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിലെ വിജയപുരയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടെ അഞ്ചുപവന്റെ സ്വര്‍ണമാലയാണ് മോഷ്ടാക്കള്‍ തട്ടിപ്പറിച്ച് സ്ഥലംവിട്ടത്.







