തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്- കാക്കയ്ക്ക് മാത്രമല്ല!

നാരായണന്‍ പേരിയ

ആകെ മാര്‍ക്ക് പത്ത്. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം പറഞ്ഞാല്‍. അല്ലെങ്കില്‍ എഴുതിയാല്‍ പത്ത് മാര്‍ക്ക് കൊടുക്കണം. അതില്‍ നീക്കു പോക്കില്ല; പാടില്ല.
എന്നാല്‍ നോക്കൂ, വിചിത്രമായൊരു മൂല്യ നിര്‍ണ്ണയം. പത്തില്‍ പതിനൊന്ന് മാര്‍ക്ക് കൊടുത്തയാളുടെ ഗണിതശാസ്ത്രബോധത്തെ എങ്ങനെ വിശേഷിപ്പിക്കണം? എഴുതാപ്പുറം വായിക്കുന്നവനെന്നോ, ഇല്ലാപ്പുറം വായിക്കുന്നവനെന്നോ? എങ്ങനെ വിശേഷിപ്പിച്ചാലും അത് അര്‍ഹിക്കുന്ന ചിലര്‍ ഉണ്ടായിരുന്നു നമ്മുടെ രാജ്യത്ത്. വി വി ഐ പി പട്ടികയില്‍ പേരുള്ളവര്‍- പാര്‍ലിമെന്റംഗങ്ങള്‍. ഇപ്പോഴത്തെ എം പി മാരിലും അത്തരക്കാരുണ്ടോ? ഊഹം വെച്ച് പറയാം, ചിലര്‍ ഉണ്ട് എന്ന്. കഴിഞ്ഞ ദിവസം -(ഞായറാഴ്ച 1-2-2026) പാര്‍ലിമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്നത് കണ്ടപ്പോള്‍ (ടി വി സ്‌ക്രീനില്‍) അങ്ങനെ തോന്നി. അക്കാര്യം പിന്നെ പറയാം. പത്തില്‍ പത്തും പതിനൊന്നും മാര്‍ക്ക് നല്‍കിയവരുടെ കഥ ആദ്യം.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ (1-3-2011) റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? വില്‍ ദ ബജറ്റ് എന്‍ഷ്വര്‍ 9% ഇന്‍ക്ലൂസീവ് ഗ്രോത്ത്? എന്ന് ചോദ്യം. മറുപടി മാര്‍ക്കിലൂടെ:
മാര്‍ക്ക്- 10. മാര്‍ക്ക് പത്തില്‍. വിലയിരുത്തിയവരില്‍ ഓരോരുത്തരും- എം പി മാരും രാഷ്ട്രീയ നേതാക്കളും ബിസിനസ് കാരും- നല്‍കിയ മാര്‍ക്ക് വിവരം: പി ചിദംബരം പത്തില്‍ പതിനൊന്ന് മാര്‍ക്ക്, വീരപ്പമൗലി-10, എ കെ ആന്റണി-9, നവീന്‍ ജിന്‍ഡാല്‍-10, സച്ചിന്‍ പൈലറ്റ്-10, രാജീവ് ഗുപ്ത-10, പ്രഫുല്‍ പട്ടേല്‍-9, ഇ അഹമ്മദ് -8, അഗതാ സഗ്മ-8, ടി കെ ത്യാഗരാജന്‍-1 (ഒന്ന്), മുഖ്താര്‍ നഖ്‌വി-3, ദാമോദര്‍-റാവത്-3, സുബ്രഹ്‌മണ്യന്‍ സ്വാമി-0(പൂജ്യം)-ഇങ്ങനെ പോകുന്നു മാര്‍ക്ക് ലിസ്റ്റ്. മാര്‍ക്ക് നോക്കിയാലറിയാം വിലയിരുത്തിയവരുടെ പാര്‍ട്ടി ഏതെന്ന്. പക്ഷം നോക്കി മൂല്യ നിര്‍ണ്ണയം.
2011ലെ കേന്ദ്രബജറ്റിനാണ് ഇപ്രകാരം മാര്‍ക്കിട്ട് മൂല്യ നിര്‍ണ്ണയം നടത്തിയത്. ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിച്ചത് 28-2-2011ന്. മാര്‍ക്ക് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പ്രസിദ്ധീകരിച്ചത് 1-3-2011ന്. അതായത് അവതരണം നടന്ന ദിവസം തന്നെ. അവതരിപ്പിക്കും മുമ്പേ മാര്‍ക്കിടല്‍ നടന്നുവോ? അതുകൊണ്ടാണ് ആ ബജറ്റിനെക്കുറിച്ച് ഒരു വിമര്‍ശകന്‍ ഇപ്രകാരം പറഞ്ഞത്.
എ ബജറ്റ് ബൈ കോണ്‍ഗ്രസ്, (കോണ്‍ഗ്രസിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ബജറ്റ്) എല്ലാ ബജറ്റും അങ്ങനെതന്നെ. അടുത്ത തിരഞ്ഞെടുപ്പ് വിജയവും ഭരണത്തുടര്‍ച്ചയും ലക്ഷ്യമാക്കിയുള്ളത്.
കേന്ദ്ര ബജറ്റും സംസ്ഥാന ബജറ്റും അവതരിപ്പിച്ചുകഴിഞ്ഞു. അസംബ്ലിയില്‍ ചര്‍ച്ച നടക്കുന്നു. അവതരണവേളയില്‍ത്തന്നെ പതിവുപോലെ, എന്താകും ചര്‍ച്ചയുടെ വാദ പ്രതിവാദങ്ങളുടെ സ്വഭാവം, ഗതിവിഗതികള്‍ എന്ന് വ്യക്തമായി. ഓരോ വാക്യം മന്ത്രി വായിച്ചു തീരുംമുമ്പെ അംഗങ്ങളുടെ പ്രതികരണം വന്നു- കൈപ്പത്തി കൊണ്ട് മേശപ്പുറത്ത് താഡനം; മറുഭാഗത്ത് കൂക്കുവിളി. (ചിലപ്പോള്‍ കൂര്‍ക്കം വിളിയും!) അപശബ്ദഘോഷങ്ങള്‍. പക്ഷപാതം, സ്വജന പക്ഷപാതം, കൊടും വഞ്ചന എന്നെല്ലാം ഉറക്കെ പറയുന്നതും കേള്‍ക്കാം. ആസന്നമായ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ പ്രലോഭിപ്പിക്കാനുതകുന്നവായ്ത്താരി; വാഗ്ദാനപ്പെരുമഴ.
ഭരണത്തുടര്‍ച്ച ലഭ്യമാകണം- അതായിരിക്കും- ഭരണം കൈയാളുന്നവരുടെ സ്വപ്നം. അത് യാഥാര്‍ത്ഥ്യമാക്കാനുതകുന്നതാകും ബജറ്റ്. എല്ലാക്കാലത്തും, എല്ലായിടങ്ങളിലും അതാണല്ലോ ബജറ്റുകളുടെ പൊതുസ്വഭാവം.
ഓരോപാര്‍ട്ടിയും മുന്നണിയും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സമ്മതിദായകരുടെ മുമ്പില്‍ വെയ്ക്കുന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ- തങ്ങള്‍ അധികാരത്തിലേറിയാല്‍ എന്തൊക്കെ ചെയ്യും. എന്ന് വാഗ്ദാനം ചെയ്യുന്ന പട്ടിക. അത് മുഖവിലയ്‌ക്കെടുത്ത് വോട്ടുചെയ്യും. തരും എന്ന് പറഞ്ഞതൊന്നും തന്നില്ല; പറഞ്ഞ് പറ്റിച്ചു എന്ന.്
വാക്കുമാറി, വിശ്വാസ വഞ്ചനകാട്ടി എന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനൊക്കുമോ? അങ്ങനെയൊരു സംഭവം നാളിതുവരെ ഉണ്ടായിട്ടില്ല. നമ്മുടെ നിയമ സംവിധാനത്തിന്റെ പരിമിതി. ഭരണഘടന തയ്യാറാക്കുകയും അവതരിപ്പിക്കുകയും തുടര്‍ന്ന് ദിവസങ്ങളോളം അത് ചര്‍ച്ച ചെയ്ത് മറുപടി പറഞ്ഞ് വോട്ടിനിട്ട് പാസ്സാക്കുകയും ചെയ്തവര്‍ ശ്രദ്ധിക്കാതിരുന്ന കാര്യം ഇതും.
തുടര്‍ന്ന്, എന്ത് സംഭവിച്ചു? ഇന്ത്യ ഒരു ഒന്നാംകിട ഭരണഘടനയുള്ള രണ്ടാംകിട ജനാധിപത്യരാഷ്ട്രമായി. അത് തന്നെ ഇപ്പോഴും തുടരുന്നു.
ബജറ്റിലൂടെ ധനകാര്യമന്ത്രി പ്രഖ്യാപിക്കുകയും കൈയടിച്ച് പ്രതികരിച്ച ഭരണപക്ഷ മെമ്പര്‍മാരും- (അവരാണല്ലോ ധനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ക്ക് വിശ്വാസ്യത വരുത്തിയത്) കൂട്ടുത്തരവാദിത്വമുള്ളവര്‍. വിശ്വാസവഞ്ചനയ്ക്ക് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടവര്‍-നിര്‍ത്തപ്പെടേണ്ടവര്‍- പക്ഷേ, നിയമമില്ലല്ലോ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍!
അപ്പോള്‍, തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്; കാക്കയ്ക്ക് മാത്രമല്ല, ഭരണപക്ഷത്തിനും!.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page