കാസർകോട് : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കു അവസരം ലഭിച്ച സംസ്ഥാനത്തെ നൂറംഗ ജനപ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട മധൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുജ്ഞാനി ഷാൻബാഗ്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡി. ശങ്കര, മീഞ്ച ഗ്രാമപഞ്ചായത്ത് അംഗം ആശാലത ബി.എം. എന്നിവർക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ആവേശകരമായ യാത്രയയപ്പ് നൽകി.
കാസർകോട്ടു നിന്നു ഇൻ്റർസിറ്റി എക്സ്പ്രസിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം അവിടെ നിന്നും കേരള എക്സ്പ്രസിലാണ് നൂറംഗ ജനപ്രതിനിധി സംഘം ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറാണ് ജനപ്രതിനിധി സംഘത്തെ നയിക്കുന്നത്. നരേന്ദ്ര മോഡിയുടെ വസതിയിലും കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ്റെ വസതിയിലും ഇവർക്ക് വിരുന്നു നൽകും. പാർലമെൻ്റ്, ബിജെപി ദേശീയ ആസ്ഥാനം എന്നിവ സന്ദർശിക്കുന്നതോടൊപ്പം കേരളത്തിൻ്റെ വികസന വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാനും പ്രതിനിധി സംഘത്തിന് അവസരം ലഭിക്കും.
ബിജെപി കോഴിക്കോട് മേഖല പ്രസിഡൻ്റ് കെ. ശ്രീകാന്ത്, ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി, ബദിയടുക്ക, മധൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ബിജെപി പ്രവർത്തകർ എന്നിവർ യാത്രയയപ്പ് നൽകാനെത്തിയിരുന്നു.






