ലഞ്ച് ബോക്‌സ് ഇനി ചുമന്ന് നടക്കേണ്ട; ഷൂസിനടിയിലെ അറയില്‍ ബട്ടര്‍ ചിക്കന്‍ വയ്ക്കുന്ന ഐഡിയയുമായി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍; ആളുകള്‍ എന്തുപറയുന്നുവെന്ന് അറിയാം

മുംബൈ: സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പല വീഡിയോകളും വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ആളുകളുടെ മനസിനെ കീഴടക്കുന്ന വെറൈറ്റി വീഡിയോകളായിരിക്കണം എന്നുമാത്രം. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ജൂലിയറ്റ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഷൂസിനടിയില്‍ തയാറാക്കിയ പ്രത്യേക അറയില്‍ ബട്ടര്‍ ചിക്കന്‍ വയ്ക്കുന്നതിന്റെ വീഡിയോ ആണ് ജൂലിയറ്റ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വെറൈറ്റി വീഡിയോ ആണ് ഇതെന്നാണ് പലരുടേയും അഭിപ്രായം. ലഞ്ച് ബോക്‌സ് ചുമക്കാന്‍ മടിയുള്ളവര്‍ക്ക് എന്തുകൊണ്ടും ഈ വിദ്യ ഉപകരിക്കുമെന്നാണ് വീഡിയോ പങ്കിട്ടുകൊണ്ട് ജൂലിയറ്റ് പറയുന്നത്.

ആദ്യ കാഴ്ചയില്‍ സാധാരണ പോലെ വെളുത്ത നിറത്തിലുള്ള ഒരു ഷൂ ആണ് വീഡിയോയില്‍ കാണുന്നത്. ഹീലുള്ള സുതാര്യമായ ബേസാണ് ഷൂസിന്റെ ആകര്‍ഷണം. എന്നാല്‍ ഈ ഭാഗം വെറും ഭംഗിക്ക് വേണ്ടി മാത്രമുള്ളതല്ല എന്ന് ജൂലിയറ്റ് വീഡിയോയില്‍ വിശദീകരിക്കുന്നു. ഷൂസിന്റെ മുകള്‍ ഭാഗവും ബേസും വേര്‍തിരിച്ചെടുക്കാവുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഷൂസും ബേസും രണ്ടാക്കി കഴിഞ്ഞാല്‍ ബേസിനുള്ളില്‍ എന്തും നിറയ്ക്കാം. ജൂലിയറ്റ് ഇതില്‍ ഭക്ഷണസാധനങ്ങളാണ് നിറയ്ക്കുന്നത്. ഷൂസിനുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ എങ്ങനെ നിറക്കും എന്ന് സംശയി ക്കുന്നവര്‍ക്ക് ജൂലിയറ്റ് ബട്ടര്‍ ചിക്കന്‍ ഷൂസിനുള്ളില്‍ നിറച്ച് കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ഷൂസുകള്‍ക്ക് അടിയില്‍ ബട്ടര്‍ ചിക്കന്‍ നിറച്ച ശേഷം മുകള്‍ഭാഗം സ്‌ക്രൂ ചെയ്ത് ഉറപ്പിക്കുന്നു.

ഈ ഷൂ ധരിച്ച് എവിടെ പോയാലും ഭക്ഷണം കഴിക്കാന്‍ തോന്നുകയാണെങ്കില്‍ സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ഷൂ അഴിച്ച് കഴിക്കാവുന്നതാണ്. ഷൂവിന്റെ കാലിടുന്ന ഭാഗത്തിനടിയില്‍ പ്രത്യേകമായി ഒരു ഓപ്പണിങ്ങുണ്ട്. അത് തുറന്നാല്‍ മതി. ആളുകള്‍ക്ക് ഇത് മനസിലാക്കി കൊടുക്കാന്‍ തുറസ്സായ സ്ഥലത്തെ ബെഞ്ചിലിരുന്ന് ഷൂസുകള്‍ ഊരി അതിനുള്ളില്‍ നിന്നും ബട്ടര്‍ ചിക്കന്‍ കഴിക്കുന്ന വീഡിയോയും ജൂലിയറ്റ് പങ്കുവച്ചിട്ടുണ്ട്.

ഈ ഐഡിയ കണ്ടെത്തിയതോടെ ലഞ്ച് പായ്ക്ക് ചെയ്യുന്നത് വളരെ എളുപ്പമായി എന്ന് പറഞ്ഞുകൊണ്ടാണ് ജുലയറ്റിന്റെ വീഡിയോ അവസാനിക്കുന്നത്. ബട്ടര്‍ ചിക്കന്‍ മാത്രമല്ല ഇറ്റാലിയന്‍ ഡെസേര്‍ട്ടും മറ്റ് സ്‌നാക്കുകളും ഒക്കെ ഇത്തരത്തില്‍ ഷൂസിനുള്ളില്‍ നിറയ്ക്കുന്നതിന്റെ വീഡിയോ ഇതിന് മുമ്പും ജൂലിയറ്റ് പങ്കുവച്ചിട്ടുണ്ട്.

വീഡിയോ കണ്ട പലരും കാലിലിടുന്ന ചെരുപ്പിനുള്ളില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച് അത് ആസ്വദിച്ച് കഴിക്കുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നാണ് കമന്റ് ചെയ്തത്. ഷൂസിന്റെ താഴെ ഭാഗത്ത് തന്നെ ഭക്ഷണം എടുക്കാനുള്ള ദ്വാരം ഉള്‍പ്പെടുത്തുമ്പോള്‍ കാലിലെ പൊടിയും ചെളിയും ഭക്ഷണത്തിലേക്ക് വീഴില്ലേ എന്നതാണ് പലരുടേയും ചോദ്യം. ഒരു ലഞ്ച് ബാഗ് ചുമക്കാന്‍ എത്രയൊക്കെ ബുദ്ധിമുട്ട് സഹിക്കേണ്ടിവന്നാലും ഇങ്ങനെയൊരു ഐഡിയ സ്വീകരിക്കില്ലെന്ന് പറയുന്നവരുമുണ്ട്. ഫാഷന്‍, സ്‌റ്റൈല്‍ എന്നൊക്കെ പേരിട്ടു വിളിച്ചാലും ഈ ആശയം കുറച്ച് കടന്നുപോയി എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page