കാസര്‍കോട്: കാനത്തൂര്‍ ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഫുട്‌ബോള്‍ മാമാങ്കത്തിനു ഇന്ന് (ശനി) തുടക്കം. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിന് ഘാന, ഐവറികോസ്റ്റ്, ഉഗാണ്ട എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ എത്തി. ഇവര്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും.
ജില്ലയിലെ എട്ടു ടീമുകളാണ് ഫെബ്രുവരി 14 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. മേലത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ടൂര്‍ണ്ണമെന്റിനു വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 3000 പേര്‍ക്ക് ഇരിക്കാനുള്ള ഗാലറിയാണ് ടൂര്‍ണ്ണമെന്റിന്റെ പ്രധാന ആകര്‍ഷണം. എല്ലാ ദിവസവും മത്സരം തുടങ്ങുന്നതിനു മുമ്പ് വിവിധ കലാപരിപാടികളും ഉണ്ടാകും. ശനിയാഴ്ച രാത്രി എട്ടിനു ടൂര്‍ണ്ണമെന്റ് സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആദ്യ മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പളയും കെഎഫ്‌സി കാറഡുക്കയും ഏറ്റുമുട്ടും. മറ്റു ദിവസങ്ങളില്‍ പ്രമുഖ ടീമുകള്‍ കളത്തിലിറങ്ങും. 14ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന ടീമിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സമ്മാനങ്ങള്‍ വിതരണം ചെയ്യും.







