മോമോസ് വാങ്ങാന്‍ കയ്യില്‍ കാശില്ല; 85 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഏഴാം ക്ലാസുകാരന്‍ തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കി

ലഖ്നൗ: മോമോസ് വാങ്ങാന്‍ കയ്യില്‍ കാശില്ലാത്തതിനെ തുടര്‍ന്ന് 85 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഏഴാംക്ലാസുകാരന്‍ തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കി . ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം. സ്വര്‍ണവില ഓരോ ദിവസവും റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോഴാണ് മോമോസ് കഴിക്കാനുള്ള കൊതി കാരണം വീട്ടിലെ സ്വര്‍ണാഭരണങ്ങളെടുത്ത് കുട്ടി തെരുവു കച്ചവടക്കാര്‍ക്ക് നല്‍കിയത്.

വാരണാസിയിലെ ക്ഷേത്രത്തിലെ പൂജാരിയായ വിമലേഷ് മിശ്രയുടെ മകനാണ് പറ്റിക്കപ്പെട്ടത്. മോമോസിനോടുള്ള കുട്ടിയുടെ ഇഷ്ടം തെരുവുകച്ചവടക്കാരായ മൂന്ന് യുവാക്കള്‍ മുതലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സ്വര്‍ണം കൊണ്ടുവന്നാല്‍ സൗജന്യമായി എത്ര വേണമെങ്കിലും മോമോസ് നല്‍കാമെന്ന് ഇവര്‍ കുട്ടിയോട് പറയുകയായിരുന്നു. പിന്നാലെ ആരുമറിയാതെ വീട്ടിലെ അലമാരയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഓരോന്നായി എടുത്തുകൊണ്ടുപോയി യുവാക്കള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നത് ആരും അറിഞ്ഞിരുന്നില്ല.

വിമലേഷിന്റെ സഹോദരി ആഭരണങ്ങള്‍ എടുക്കാനായി അലമാര തുറന്നപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ കുട്ടിയെ ചോദ്യം ചെയ്തു. ഇതോടെയാണ് സ്വര്‍ണം പോയ വഴിയെ കുറിച്ച് അറിയുന്നത്.

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കുറച്ച് ആഭരണങ്ങള്‍ കണ്ടെടുത്തു. ഒരാള്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page