തിരുവനന്തപുരം: നിയമസഭയില്‍ നടന്ന നാടകീയ സംഭവങ്ങളില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ഉന്നയിച്ചാണ് ഇന്ന് നിയമസഭ ബഹളമയമായത്. ബഹളത്തെ തുടര്‍ന്ന് രണ്ടുതവണ നിര്‍ത്തിവച്ച നിയമസഭ വീണ്ടും ചേര്‍ന്നപ്പോഴാണ് സ്പീക്കറുടെ വിമര്‍ശനം. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വലിയരീതിയിലുള്ള പ്രതിഷേധമാണ് സഭയ്ക്കകത്ത് പ്രതിപക്ഷം നടത്തിയത്. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനു മുമ്പില്‍ പ്രതിഷേധിച്ചു. ബാനര്‍ താഴ്ത്തിയില്ലെങ്കില്‍ പിടിച്ചുമാറ്റുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.
ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാന്‍ ചില പ്രതിപക്ഷ എംഎല്‍എമാര്‍ ശ്രമിച്ചു. ടി.വി ഇബ്രാഹിം, സനീഷ് കുമാര്‍ ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരാണ് ചാടിക്കടക്കാന്‍ ശ്രമിച്ചത്. ഇത് വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ തിരികെ സീറ്റുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ സ്പീക്കര്‍ എഴുന്നേറ്റുപോയി.
സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്, ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണം, തന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം ഡയസില്‍ കയറിയപ്പോള്‍ അത് തടയുക മാത്രമായിരുന്നു വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ചെയ്തത്. മറിച്ച് അവരുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പെരുമാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. വേണമെങ്കില്‍ തനിക്ക് അവരോട് നിര്‍ദേശം നല്‍കാമായിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.
ഇതിനെതിരെ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ തങ്ങളുടെ ബാനറുകളും മറ്റും പിടിച്ചുമാറ്റിയെന്നും അവര്‍ തങ്ങളെ പ്രകോപിപ്പിച്ചു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ജനാധിപത്യപരമായിരുന്നു സഭയിലെ പ്രതിപക്ഷ സമരം. എസ്.ഐ.ടി യുടെ വീഴ്ചയില്‍ സര്‍ക്കാരിന് പങ്കുണ്ട്. ഇതിനു മുന്‍പുള്ള സ്പീക്കര്‍മാര്‍ പ്രതിഷേധമുണ്ടാകുമ്പോള്‍ രണ്ടുഭാഗവും കേള്‍ക്കാറുണ്ട്. എന്നാല്‍ പ്രതിപക്ഷ സമരത്തെ വെല്ലുവിളിക്കുകയാണ് ഈ സ്പീക്കര്‍ എന്ന് സതീശന്‍ ആരോപിച്ചു. പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പുറത്തേക്കിറങ്ങി.
പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷവും രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി എന്നിവരടക്കമുള്ള എംഎല്‍എമാര്‍ പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. എന്ത് അതിക്രമമാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും കോടതിയില്‍ തോറ്റാല്‍ നിയമസഭയില്‍ എന്നതാണോ പ്രതിപക്ഷം ചെയ്യേണ്ടത് എന്ന് മന്ത്രി എംബി രാജേഷ് ചോദിച്ചു. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിന്റെ പേരില്‍ മോദിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് ചായ കുടിച്ച് ആഘോഷിച്ചവരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം എന്താണെന്ന് ചോദിച്ച മന്ത്രി മാധ്യമങ്ങളില്‍ ശ്രദ്ധ കിട്ടുന്നില്ല എന്നതിനാല്‍ സഭയില്‍ പ്രതിഷേധിക്കുകയാണെന്ന് പരിഹസിച്ചു. പ്രതിപക്ഷ നേതാവ് എംഎല്‍എമാരെ വിളിച്ച് സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ക്ലാസ് എടുത്തുകൊടുത്തു. ഇതില്‍ കൂടുതല്‍ എങ്ങനെയാണ് സഹിക്കുക എന്ന് ശിവന്‍കുട്ടി ചോദിച്ചു. സ്വര്‍ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണേ അയ്യപ്പ, സംരക്ഷിക്കുന്നത് ആരപ്പാ, സോണിയ ഗാന്ധിയെയാണ് അയ്യപ്പാ എന്ന പാരഡി ഗാനവും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാനായി ശിവന്‍കുട്ടി പാടി.
മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിന് നേരെ ഉയര്‍ത്തിയത്. സഭയില്‍ നടത്തിയ പ്രതിഷേധം ഉചിതമായ നടപടിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.







