ന്യൂഡല്‍ഹി: ലോക് സഭയിലും പ്രതിപക്ഷ ബഹളം. മുന്‍ കരസേന മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗമാണ് ലോക്‌സഭയെ ബഹളമയമാക്കിയത്. രാഹുല്‍ ഗാന്ധിയാണ് പുസ്തകം സഭയില്‍ അവതരിപ്പിച്ചത്. ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് ഉച്ചയ്ക്കുശേഷം സഭ വീണ്ടും തുടങ്ങിയെങ്കിലും ബഹളം തുടര്‍ന്നു.
രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു. ഇതോടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പേപ്പര്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന്, സഭാ കാലയളവ് കഴിയുന്നതുവരെ ഹൈബി ഈഡന്‍, ഡീന്‍കുര്യാക്കോസ് ഉള്‍പ്പെടെ എട്ട് എംപിമാരെ സ്പീക്കര്‍ ഓം ബിര്‍ള സസ്‌പെന്‍ഡ് ചെയ്തു. സഭ ഇന്നത്തേക്കു പിരിഞ്ഞു.
കോണ്‍ഗ്രസ് എംപിമാരായ മണിക്കം ടാഗോര്‍, അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, ഗുര്‍ജത് ഔജ്‌ല, പ്രശാന്ത് പടോളെ, കിരണ്‍ കുമാര്‍ റെഡ്ഡി എന്നിവര്‍ക്കും സി പി എം അംഗം സു വെങ്കിടേശനുമെതിരെയാണ് സ്പീക്കര്‍ നടപടിയെടുത്തത്. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ കുറ്റപ്പെടുത്തി.







