കണ്ണൂര്‍: എം.ഡി.എം.എ കടത്ത് സംഘത്തിലെ കണ്ണിയായ ബസ് ക്ലീനറെ എക്സൈസ് അറസ്റ്റു ചെയ്തു. മയ്യില്‍ പാവന്നൂര്‍ പുല്ലാഞ്ഞിയോട് പുതിയപുരയില്‍ കുഞ്ഞിമൊയ്തീന്‍ (40) ആണ് പിടിയിലായത്. കണ്ണൂര്‍ ആശുപത്രി-മയ്യില്‍-പാവന്നൂര്‍കടവ് റൂട്ടിലോടുന്ന സ്വകാര്യബസിലെ ക്ലീനറാണ്.
പാവന്നൂര്‍കടവിലും സമീപപ്രദേശങ്ങളിലും കുഞ്ഞിമൊയ്തീന്‍ ഉള്‍പ്പെടെ ഒരുസംഘം മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന രഹസ്യവിവരം കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയിലെ അസി. ഇന്‍സ്പെക്ടര്‍ കെ.പി.വിജയന് ലഭിച്ചിരുന്നു. ഈ വിവരം ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസിന് അദേഹം കൈമാറി. തിങ്കളാഴ്ച വൈകിട്ട് 4.30മണിയോടെ വിജയന്‍ പാടിക്കുന്നില്‍ നിന്ന് ബൈക്കില്‍ ഈ ബസിനെ പിന്തുടര്‍ന്നു. പാവന്നൂരില്‍ ബൈക്ക് നിര്‍ത്തി അദേഹം ബസില്‍ കയറി ക്ലീനറുടെ സീറ്റിനരികെ ഇരുന്നു. തൊട്ടടുത്ത യാത്രക്കാരനോട് ബസ് എവിടെ വരെ പോകുമെന്ന് അന്വേഷിച്ചു. പാവന്നൂര്‍കടവ് വരെയാണ് റൂട്ടെങ്കിലും ചൂളിയാട് എത്തി തിരികെ വരികയാണ് പതിവെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെ ഞാന്‍ ബാങ്ക് ജീവനക്കാരനാണെന്നും ചൂളിയാട് ഒരാള്‍ക്ക് ജപ്തി നോട്ടീസ് നല്‍കാന്‍ പോവുകയാണെന്നും വിജയന്‍ പറഞ്ഞു. ഈ സംഭാഷണമൊക്കെ കുഞ്ഞിമൊയ്തീന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ കുഞ്ഞിമൊയ്തീന്‍ അതിനിടയില്‍ കീശയിലുണ്ടായിരുന്ന എം.ഡി.എം.എ മാറ്റാനും ശ്രമിച്ചുവത്രെ. ഇതൊക്കെ വിജയന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പാവന്നൂര്‍കടവ് സ്റ്റോപ്പിലെത്തുന്നതിന് തൊട്ടുമുന്നേയുള്ള സ്റ്റോപ്പില്‍ കുഞ്ഞിമൊയ്തീന്‍ ഇറങ്ങി. പിറകെ വിജയനുമിറങ്ങി. ഇത് കണ്ട കുഞ്ഞിമൊയ്തീന്‍ നിങ്ങള്‍ എന്തിനാണ് എന്നെ പിന്തുടരുന്നതെന്ന് ചോദിച്ചു. അതോടെ താന്‍ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് വിജയന്‍ പറഞ്ഞു. ഇത് കേട്ടതോടെ കുഞ്ഞിമൊയ്തീന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. വിജയന്‍ ഇയാളെ പിന്തുടര്‍ന്നു. അതിനിടയില്‍ തന്നെ ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് അസി. ഇന്‍സ്പെക്ടര്‍ പി.സി.വാസുദേവനും സംഘത്തിനും വിവരം കൈമാറി. ഒരു സ്വകാര്യ കാറില്‍ മഫ്ടിയില്‍ കുഞ്ഞിമൊയ്തീനെ പിടികൂടാന്‍ അവര്‍ വരുന്നുണ്ടായിരുന്നു. ഈ സംഘത്തെ കൂടി കണ്ടതോടെ കുഞ്ഞിമൊയ്തീന്‍ സമീപത്തെ ഒരു വീടിന്റെ മതില്‍ ചാടി കടന്നു. അവിടേക്ക് കുതിച്ചെത്തിയ എക്സൈസ് സംഘം കുഞ്ഞിമൊയ്തീനെ കീഴടക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 300 മില്ലി ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.വി.ശ്രീകാന്ത്, എം.രമേശന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എം.എം.ഷഫീക്ക്, അസി. ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി.വി.പ്രകാശന്‍, കെ.പി.ഹംസക്കുട്ടി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.







