തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച ബിസ്മീറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു, ശരീര ഭാഗങ്ങള്‍ നീല നിറമായതിന് കാരണവും ഇതാണ്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിസ്മീറിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ജില്ലാതല മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ അയച്ചതെന്ന കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ബിസ്മീറിനെ അവശനിലയില്‍ ആശുപത്രിയിലെത്തിക്കുന്നതിന്റേയും ഭാര്യ സഹായം തേടി പലരേയും സമീപിക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാല്‍ ആശുപത്രിക്കെതിരെയുള്ള മുന്‍ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ബിസ്മീറിന്റെ കുടുംബം. പ്രാഥമിക ചികിത്സ നല്‍കാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും നല്‍കിയില്ലെന്നാണ് പ്രധാന പരാതി. ആരോഗ്യനില വഷളായ ബിസ്മീറിന് ഓക്‌സിജന്‍ നല്‍കുകയോ സിപിആര്‍ നല്‍കുകയോ പള്‍സ് പരിശോധന നടത്തുകയോ ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ആശുപത്രിയുടെ ഗ്രില്‍ തുറക്കാന്‍ വൈകിയെന്നും കുടുംബം പറയുന്നു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.







