ന്യൂഡല്‍ഹി: ആകാശത്തുവച്ച് ഫ്യൂവല്‍ സ്വിച്ചുകള്‍ താനേ ഓഫാകുന്നതായി കണ്ടെത്തിയതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാന സര്‍വ്വീസുകള്‍ക്ക് പതിവായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാന്‍ വിമാന കമ്പനിയുടെ നിര്‍ദ്ദേശം. എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മനീഷ് ഉപ്പല്‍, ബോയിംഗ് 787 പൈലറ്റുമാരെ ഇമെയില്‍ വഴി പരിശോധനാ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബോയിംഗ് 787-8 വിമാനങ്ങളിലെ ഫ്യൂവല്‍ സ്വിച്ചുകളുടെ പ്രവര്‍ത്തനമാണ് പരിശോധിക്കുക. ബോയിംഗ് വിമാനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി പരിശോധിക്കുമെന്ന് എന്‍ജിനിയറിംഗ് വിഭാഗം അറിയിച്ചു. സാങ്കേതിക പിഴവുകള്‍ അല്‍പം പോലും വൈകാതെ റിപ്പോര്‍ട്ട് ചെയ്യാനും എയര്‍ ഇന്ത്യ പൈലറ്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ വിമാനങ്ങളില്‍ പ്രതികൂല കണ്ടെത്തലുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉപ്പല്‍ പൈലറ്റുമാരെ അറിയിച്ചു.
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്ന വിമാനത്തില്‍ ഞായറാഴ്ച തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ തങ്ങളുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിക്കാന്‍ ആരംഭിച്ചത്.
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട ഡ്രീംലൈനര്‍ വിമാനത്തിന് നേരിട്ടതിന് സമാനമായ തകരാറാണ് ഞായറാഴ്ച ലണ്ടനിലെ ഹീത്രുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിനുമുണ്ടായതെന്നാണ് കണ്ടെത്തല്‍. അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ 269 പേര്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച ബെംഗളൂരുവില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറ് വിശദമാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 787 ഡ്രീം ലൈനര്‍ വിമാനങ്ങളിലെ സാങ്കേതിക പിഴവ് പരിശോധിക്കാന്‍ തീരുമാനമായത്.
വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനാണ് ഫ്യൂവല്‍ സ്വിച്ച് ഉപയോഗിക്കുന്നത്. അഹമ്മദാബാദില്‍ ജൂണ്‍ മാസത്തിലുണ്ടായ വിമാന ദുരന്തത്തില്‍ ഫ്യൂവല്‍ സ്വിച്ച് കട്ട് ഓഫ് ചെയ്ത നിലയിലാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.
ഫ്യൂവല്‍ സ്വിച്ചിലുണ്ടായ തകരാര്‍ സംബന്ധിയായ അറിയിപ്പ് നല്‍കിയതായും എയര്‍ ഇന്ത്യ വ്യക്തമാക്കി. നിലവില്‍ ബോയിംഗ് 787 വിഭാഗത്തിലെ 33 വിമാനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ഇതില്‍ 26 ബോയിംഗ് 787-8 ഉ 7 ബോയിംഗ് 787-9 മാണ് ഉള്‍പ്പെടുന്നത്. വിസ്താരയില്‍ നിന്ന് സ്വീകരിച്ച ആറു വിമാനങ്ങളും ജനുവരിയില്‍ എയര്‍ ഇന്ത്യ ബോയിംഗ് ഫ്‌ളീറ്റിലുണ്ട്.







