കാസർകോട് : കാസർകോട് കളക്ടറേറ്റിൽ വൈകിട്ട് എത്തിയ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ് സ്കോഡും ബോംബ് സ്കോഡും സിവിൽ സ്റ്റേഷൻ വ്യാപകമായി പരിശോധിച്ചു. പരിശോധനയിൽ ബോംബിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും അധികൃതർ ജാഗ്രത പുലർത്തുന്നു. ഉക്രൈനിൽ നിന്നാണ് ബോംബ് ഭീഷണി ഉയർത്തിയ മെയിൽ സന്ദേശം എത്തിയതെന്ന് പറയുന്നു . സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കോടതി സമുച്ചയത്തിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണു ഭീഷണി സന്ദേശം ലഭിച്ചത്. ജീവനക്കാർ ഓഫീസിൽ നിന്നു പോയിരുന്നതിനാൽ അതീവ സുരക്ഷാ ജാഗ്രത വേണ്ടിവന്നില്ല. എങ്കിലും അന്വേഷണസംഘം കളക്ടറേറ്റും ചുറ്റുപാടുകളും അരിച്ചു പെറുക്കി അന്വേഷിച്ചു.

ജില്ലാ അധികാര കേന്ദ്രങ്ങളിൽ അടിക്കടി ഉണ്ടാവുന്ന ബോംബ് ആക്രമണ ഭീഷണിക്ക് പിന്നിലെ വ്യക്തികളെയും ശക്തികളെയും കാരണവും അന്വേഷണത്തിലുണ്ട്. അധികൃതരുടെ ശ്രദ്ധ വഴി മാറ്റാൻ അധോലോക സംഘങ്ങൾ ആസൂത്രണം ചെയ്യുന്നതാണോ അടിക്കടിയുള്ള ബോംബ് ഭീഷണി എന്നും സംശയം ഉണ്ട് . അത്തരം കാര്യങ്ങളും അന്വേഷണപരിധിയിലുണ്ടെന്ന് അറിയുന്നു.







